കൂടുതല്‍ പ്രദേശങ്ങളിൽ ലോക്ഡൗണിന് സാധ്യത: മാളുകൾ ഇന്ന് തുറക്കും


സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള WIPR നിരക്ക് എട്ടായി കുറച്ചതോടെയാണ് കൂടുതല്‍ വാര്‍ഡുകളില്‍ നിയന്ത്രണം വരുന്നത്. മദ്യം വാങ്ങാനെത്തുന്നവര്‍ വാക്സിനേഷന്റെയോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെയോ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഇന്ന് പ്രാബല്യത്തിലാകും. അതേസമയം കടയിലും ബാങ്കിലും പോകുന്നവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചു. മാളുകളും ഇന്ന് തുറക്കും.
ഓണക്കാലമാണ്, ആള്‍ക്കൂട്ടവും തിരക്കും കൂടാന്‍ ഏറെ സാധ്യതയുള്ള കാലം. പക്ഷെ രോഗവ്യാപനം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത തുടരുകയും വേണം. ഇത് മുന്നില്‍ കണ്ടാണ് ലോക്ഡൗണ്‍ മാനദണ്ഡം സര്‍ക്കാര്‍ കടുപ്പിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് പത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലായിരുന്നു ഒരാഴ്ചയായി ലോക്ഡൗണ്‍. ഇന്ന് മുതല്‍ രോഗനിരക്ക് എട്ടില്‍ കൂടതലുള്ള ഉള്ള പ്രദേശവും അടച്ചിടും. ഇപ്പോള്‍ സംസ്ഥാനത്താകെ 266 വാര്‍ഡുകളിലാണ് ലോക്ഡൗണ്‍. WIPR നിരക്ക് കുറച്ചതിനാല്‍ ഇനി കൂടുതല്‍ വാര്‍ഡുകളില്‍ ലോക്ഡൗണായേക്കും. വൈകിട്ടോടെ കലക്ടര്‍മാര്‍ അതാത് ജില്ലകളിലെ ലോക്ഡൗണ്‍ വാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഹൈക്കോടതിയുടെ നിരന്തര വിമര്‍ശനത്തിനൊടുവില്‍ മദ്യം വാങ്ങാനേര്‍പ്പെടുത്തിയ നിബന്ധനകളും ഇന്ന് നടപ്പാവും.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം, ഒരു മാസം മുന്‍പ് കോവിഡ് വന്ന് പോയ സര്‍ട്ടിഫിക്കറ്റ്.ഇവയിലേതെങ്കിലുമുണ്ടങ്കിലേ മദ്യം വാങ്ങാനാവു. ഇത് എങ്ങിനെ നടപ്പാക്കുമെന്നതിലും ആശയക്കുഴപ്പം തുടരുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങളില്‍ ചില ഇളവുകളും ഇന്ന് മുതലുണ്ട്. കടകളിലും ബാങ്കിലും പോകാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ അയവ് വരുത്തിയതാണ് അതില്‍ പ്രധാനം. നിബന്ധന പാലിക്കാന്‍ പറ്റുന്ന ആരുമില്ലാത്ത വീട്ടുകളിലുള്ളവര്‍ക്ക് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്ലാതെയും കടയില്‍ പോകാനാവും. ഇതോടെ ഏറെ വിമര്‍ശനം കേട്ട നിബന്ധനകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നൂവെന്ന് വ്യക്തമാണ്. കൂടാതെ ഏറെക്കാലത്തിന് ശേഷം മാളുകളും ഇന്ന് മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും.