‘കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് ഒരാളെ നിയമിച്ചത്, അതിനുള്ള സ്വാതന്ത്ര്യം വേണം’; കെ രാധാകൃഷ്ണന്‍


ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന ആക്ഷേപത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ.
കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ആളുകൾ കൃത്യമായി ഈ പ്രശ്നത്തിൽ നടപടി സ്വകരിക്കണം.
ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റ് തന്നെയാണ്. മനുവാദ സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിചേർത്തു. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണം എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ എ പത്മകുമാറിന്‍റെ നടപടിയോടും രാധാകൃഷ്ണന്‍ പ്രതികരിച്ചു. പത്മകുമാർ വിഷയത്തിൽ അഭിപ്രായങ്ങൾ പരസ്യമായി പറയുകയല്ല വേണ്ടത്. ഓരോരുത്തർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാവും. പക്ഷേ അത് പറയേണ്ട വേദികളിൽ പറയണം എന്നും പത്മകുമാറിന് മറുപടി നൽകി.
ഇനിയും പ്രതികരണങ്ങൾ ഒരുപാട് വരാനുണ്ടെന്നും എന്നാൽ പാർട്ടി ഫോറത്തിൽ എല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ട് അവിടെയാണ് ഇതൊക്കെ പറയേണ്ടത് എന്നും അദ്ദേഹം കൂട്ടിചേർത്തു.