ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ അഥവാ ഹോട്ട്സ്പോട്ടുകൾ

ജില്ലയിൽ ആരോഗ്യവകുപ്പ് നടത്തുന്ന വീക്കിലി വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈറിസ്ക് ഹോട്ട്സ്പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. വേനൽ മഴ പെയ്യ്ത സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പടരാനുള്ള സാധ്യത കൂടുതലാണ്. ജനങ്ങൾ കൊതുകു വളരുന്നതി നുളള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പാക്കണം. ജലക്ഷാമമുളള ഏരിയകളിൽ വെളളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതഉളളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുളള പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറകിലെ ടാങ്ക്, ഇൻഡോർ പ്ലാന്റ്സ്, ഫ്ളഷ് ടാങ്ക്, കുപ്പി,പാട്ട,ചിരട്ട,അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ,കളിപ്പാട്ടങ്ങൾ, റബർ ടാപ്പിംഗ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സൺ ഷെയ്ഡുകൾ, വെളളം നിറച്ച അലങ്കാര കുപ്പികൾ ഉപയോഗശൂന്യമായ ടാങ്കുകൾ, ടയറുകൾ,വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ,പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങി ഒരു സ്പൂണിൽ താഴെ വെളളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടി നിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ട്. അവ ഇല്ലാതാക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുളള ശ്രദ്ധിക്കണം. മുട്ടയിൽ നിന്നും കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയം എടുക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ച് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം വിനിയോഗിച്ച് ഡ്രൈഡേ ആചരിക്കണമെന്നും, കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ജോബിൻ ജി ജോസഫ് അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ ആഴ്ച ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സഥലങ്ങളുടെ വിവരങ്ങൾ:
വണ്ടിപ്പെരിയാർ – രണ്ട് കേസ് ,വണ്ണപ്പുറം – രണ്ട് കേസ്, കരുണാപുരം, വാഴത്തോപ്പ്, ചിന്നക്കനാൽ, കൊടികുളം ചക്കുപള്ളം എന്നിവിടങ്ങളിൽ ഒരു കേസ് വീതം .
















































































































