പൊലീസ് പരിശീലനം മുടക്കി ഗ്രൗണ്ട് വാടകയ്ക്ക്; വിവിധ സേനകളിലായി 125 പേരുടെ പരിശീലനം മുടങ്ങും


തിരുവനന്തപുരത്ത് പൊലീസ് പരിശീലനം മുടക്കി ഗ്രൗണ്ട് വാടകയ്ക്ക്. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് സ്കൂൾ വിപണിയൊരുക്കാന്‍ സഹകരണ സംഘത്തിന് വാടകയ്ക്ക് നൽകുന്നത്. ഗ്രൗണ്ട് വാടകയ്ക്ക് നല്‍കുന്നതോടെ വിവിധ സേനകളിലായി 125 പേരുടെ പരിശീലനം മുടങ്ങും. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് മറികടന്നാണ് വാടകയ്ക്ക് നല്‍കാനുള്ള ഡിജിപിയുടെ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
ഏപ്രിൽ 4 മുതൽ ജൂൺ 6 വരെ രണ്ട് മാസത്തേക്കാണ് ഗ്രൗണ്ട് വിപണിയ്ക്കായി അനുവദിച്ചിരിക്കുന്നത്. രണ്ട് മാസത്തേക്ക് ഗ്രൗണ്ട് നൽകില്ലെന്ന് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചിരുന്നു. എന്നാൽ പ്രിൻസിപ്പാളിന്റെ എതിർപ്പ് മറികടന്ന് ഡിജിപി സ്കൂൾ വിപണിക്ക് ഗ്രൗണ്ട് അനുവദിച്ച് കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
രണ്ട് മാസക്കാലയളവിൽ ട്രെയിനിംഗ് മുടങ്ങുന്ന സേനാംഗങ്ങളെ തൃശൂരിലേക്ക് പരിശീലനത്തിന് അയയ്ക്കാനും തീരുമാനമുണ്ട്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇത് മൂലമുണ്ടാകുന്നത്. വിവിധ പൊലീസ് സംഘങ്ങൾ നൽകിയ അപേക്ഷ തള്ളി കൊണ്ടാണ് ഡിജിപി ഉത്തരവിറക്കിയത്. സ്കൂൾ വിപണിയ്ക്ക് വാടകയ്ക്ക് നൽകി കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.