‘ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍


കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശനം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്ന് മുസ്ലീം ലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രിയുടെ ലേഖനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ടി മുഖപത്രത്തില്‍ ലേഖനമെഴുതിയത്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്നാണ് വിമര്‍ശനം. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍, എന്താണ് സത്യം. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര നയ ങ്ങള്‍ക്കെതിരെ ഉയര്‍ന്ന കര്‍ഷകരോഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയില്‍ ബിജെപിക്കെതിരെ പ്രതിഫലിച്ചു. എന്നിട്ടും അവിടങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ നയംതന്നെയാ ണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോണ്‍ഗ്രസ് തടഞ്ഞു. അങ്ങനെ, ബിജെപിയെ തോല്‍പ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകര്‍ക്കുന്ന റോളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. ബിജെപിയെ ജയിപ്പിച്ചതില്‍ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസിന്റെ ശിഥിലീകരണതന്ത്രമാണ് – മുഖ്യമന്ത്രി എഴുതുന്നു.
ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശം – അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു.
യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി മുസ്ലിംലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം എന്നും പറയുന്നു. വാക്ക് ഒരു വഴിക്ക്, പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാര്‍ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ, മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ടികള്‍ ആലോചിക്കട്ടെ. തങ്ങളാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാപ്തരായ പാര്‍ടിയെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ ഈ സമീപനമാണോ സ്വീകരിക്കുക. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി കൂടുതല്‍ നിയമസഭകള്‍ കൈയടക്കിയാല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും. കോണ്‍ഗ്രസിന് അതില്‍ തെല്ലും ആശങ്കയില്ല. രാജ്യസഭയില്‍ മേധാവിത്വം ഉറപ്പിക്കാനും ഭരണഘടനതന്നെ മാറ്റാനുമുള്ള ബിജെപിയുടെ ലക്ഷ്യങ്ങള്‍ക്ക് അരുനില്‍ക്കുകയല്ലേ കോണ്‍ഗ്രസ് – അദ്ദേഹം ചോദിക്കുന്നു.
മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയശക്തികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു. അവരെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കുമെന്നും ചോദിക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ സംഘപരിവാറിന്റെ വര്‍ഗീയവാദവും അവരുടെ കോര്‍പറേറ്റ് പ്രീണന-ഫെഡറല്‍ വിരുദ്ധ നയങ്ങളുമാണ്. ഇവയെല്ലാമെതിരായ പോരാ ട്ടങ്ങളില്‍നിന്ന് മാറിനില്‍ക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ സമീപനമാണ് ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സം – അദ്ദേഹം കുറിച്ചു.