സംസ്ഥാനത്തെ പകുതി സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചില്ല: എക്‌സൈസ് വകുപ്പിന് മെല്ലെപ്പോക്ക്


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബ്ലുകള്‍ രൂപീകരിക്കുന്നതില്‍ എക്‌സൈസ് വകുപ്പിന് മെല്ലെപ്പോക്ക്. സംസ്ഥാനത്ത് ആകെയുള്ള സ്‌കൂളുകളില്‍ പകുതി എണ്ണത്തില്‍ പോലും ഇതുവരെ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടില്ല. എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നുള്ള വിവരാവകാശ മറുപടി റിപ്പോര്‍ട്ടറിന് ലഭിച്ചു.
ആകെ സംസ്ഥാനത്ത് 12,000 ല്‍ ഏറെ സ്‌കൂളുകളുണ്ടെങ്കിലും 5,585 സ്‌കൂളുകളില്‍ മാത്രമാണ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍ എക്‌സൈസ് വകുപ്പ് രൂപീകരിച്ചത്. തിരുവനന്തപുരം-477, കൊല്ലം-349, പത്തനംതിട്ട-288, ആലപ്പുഴ-385, കോട്ടയം-483, ഇടുക്കി-286, എറണാകുളം-650, തൃശൂര്‍-494, പാലക്കാട്-303, മലപ്പുറം-569, കോഴിക്കോട്-449, വയനാട്-183, കണ്ണൂര്‍-388, കാസര്‍കോട്-281 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലായി ലഹരി വിരുദ്ധ ക്ലബുകള്‍ രൂപീകരിച്ച സ്‌കൂളുകളുടെ എണ്ണം.
അതേസമയം അഞ്ചുവര്‍ഷത്തിനിടെ സ്‌കൂളുകളില്‍ 59,605 ലഹരി ബോധവല്‍കരണ ക്ലാസ്സുകള്‍ നടത്താനായി എന്നുള്ളത് എടുത്തുപറയേണ്ട നേട്ടമാണ്. സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പന സജീവമാവുന്ന ഈ കാലത്താണ് പകുതിയിലേറെ സ്‌കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ എക്‌സൈസ് വകുപ്പിന് സാധിക്കാത്തത്.