ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കണമെന്ന് ശ്രീധർ വെമ്പു; മറുപടി പറഞ്ഞ് ഡിഎംകെ


ജോലിയിൽ മുന്നേറണമെങ്കിൽ ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിൻ്റെ പ്രസ്താവനയോട് വിമർശനവുമായി ഡിഎംകെ. വെമ്പുവിന് വേണമെങ്കിൽ തൻ്റെ ജീവനക്കാരെ ഹിന്ദി പഠിപ്പിക്കാമെന്നും തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ഡിഎംകെയുടെ പ്രതികരണം.
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ പേരിൽ തമിഴ്‌നാട് സർക്കാരും കേന്ദ്രവും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ സാമൂഹികമാധ്യമ സന്ദേശത്തിലാണ് ശ്രീധർ വെമ്പു ഹിന്ദി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്. തമിഴ്‌നാട്ടിലെ ഗ്രാമീണമേഖലകളിൽനിന്നുള്ള സോഹോയുടെ എൻജിനീയർമാർക്ക് ഹിന്ദി അറിയില്ലെന്നത് പരിമിതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കക്ഷികളുമായി ഇടപാടുനടത്തുന്നതിന് ഇത് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വെമ്പുവിൻ്റെ വ്യാപാരത്തിന് ആവശ്യമാണെങ്കിൽ തന്റെ ജീവനക്കാരെ അദ്ദേഹത്തിന് ഹിന്ദി പഠിപ്പിക്കാവുന്നതാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ അഭിപ്രായപ്പെട്ടു. നിങ്ങളുടെ ബിസിനസിനുവേണ്ടി തമിഴ്‌നാട്ടിലെ വിദ്യാർഥികൾ എന്തിന് ഹിന്ദി പഠിക്കണം. മറ്റു സ്ഥലങ്ങളിലെ കുട്ടികളെ ഇംഗ്ലീഷിൻ്റെ അടിസ്ഥാനപാഠങ്ങളെങ്കിലും പഠിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കാമല്ലോയെന്നും ശരവണൻ പറഞ്ഞു.