അതിർത്തികൾ കടന്ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’, തമിഴിലും തെലുങ്കിലും ഉടൻ റിലീസ്


കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം, ഇപ്പോൾ തമിഴിലും തെലുങ്കിലും റിലീസിനൊരുങ്ങുന്നു.
മാർച്ച് മാസത്തിൽ ഇതര സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ പ്രദർശനത്തിനെത്തും. ചിത്രം ഇതിനോടകം 25 കോടിയിലധികം കളക്ഷനാണ് നേടിയിരിക്കുന്നത്. ഇ ഫോർ എന്റർടൈൻമെന്റ് വലിയ തുകക്കാണ് ചിത്രത്തിൻ്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്.
‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു അഷ്റഫാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ‘ജോസഫ്’, ‘നായാട്ട്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ ആണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു.ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരും അഭിനയിക്കുന്നു.