Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഭിനയിക്കാന്‍ പറഞ്ഞാല്‍ ജീവിച്ച് കാണിക്കും, ഇമോഷണല്‍ സീനുകളില്‍ വിങ്ങിപ്പൊട്ടി നിന്ന് കാണുന്നവരെ പൊട്ടിക്കരയിപ്പിക്കും; മലയാളത്തിന്റെ ഒരേയൊരു ലളിതാമ്മ



കെപിഎസി ലളിത വിടവാങ്ങിയിട്ട് മൂന്നു വര്‍ഷം. സ്വാഭാവികമായ അഭിനയശൈലിയിലൂടെയും സവിശേഷമായ ശബ്ദവിന്യാസത്തിലൂടെയും മലയാള സിനിമയില്‍ വേറിട്ട ഒരിടം സൃഷ്ടിച്ച നടിയാണ് കെപിഎസി ലളിത.

വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, മണിചിത്രത്താഴിലെ ഭാസുര തുടങ്ങി മലയാളികള്‍ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളായി സ്‌ക്രീനില്‍ ലളിത ജീവിച്ചു. സഹനടിയായും പ്രതിനായികയായും അഞ്ച് പതിറ്റാണ്ടിലേറെ കെപിഎസി ലളിത നിറഞ്ഞാടി.

കലാരംഗത്ത് ഉന്നതസ്ഥാനത്തേക്കെത്തിയെങ്കിലും ലളിതമായിരുന്നു കെപിഎസി ലളിതയുടെ ജീവിതം. കൂടുതലും പ്രത്യക്ഷപ്പെട്ടത് നാടന്‍ വേഷങ്ങളില്‍. പരദൂഷണവും കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും വിടുവായത്തവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍ എന്നിങ്ങനെ ലളിത അനശ്വരമാക്കിയ കഥാപാത്രങ്ങളേറെ. നമുക്കു ചുറ്റുമുള്ളവരോ, നാം തന്നെയോ എന്ന് സംശയിച്ചുപോകുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍.

കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍ പിള്ളയുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ മഹേശ്വരിയാണ് പിന്നീട് ലളിതയായി മാറിയത്. കെ പി എ സി നാടകങ്ങളിലെ ഗായികയായി തുടങ്ങിയശേഷമാണ് അഭിനയരംഗത്തെത്തിയത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ എസ് സേതുമാധവന്‍ സിനിമയാക്കിയതോടെ സിനിമയിലേക്ക്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. സംഭാഷണങ്ങളിലെ ശബ്ദവിന്യാസം കൊണ്ട് ലളിത തീര്‍ത്ത മായാജാലം മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനാകില്ലായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളിലെ നാരായണി, ശബ്ദം കൊണ്ടു മാത്രം സിനിമയില്‍ അസ്തിത്വം നേടി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!