‘അദാനി പ്രശ്നം വ്യക്തിപരമല്ല’: റായ്ബറേലിയിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയിൽ യുവാക്കളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബിജെപി സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് തീർത്തും നീതി കേടാണ്, ഞങ്ങൾ നിരന്തരം യുവാക്കൾക്ക് വേണ്ടി പൊരുതി കൊണ്ടിരിക്കുകയാണ്, അവർക്ക് ഞങ്ങൾ നീതി ഉറപ്പാക്കുക തന്നെ ചെയ്യും- രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. റായ്ബറേലിയിലെ ലാൽഗഞ്ചിൽ വച്ച് നടന്ന പരിപാടിയിലായിരുന്നു പ്രസംഗം. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയ രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ തകർത്തുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജെപി സർക്കാരും പൂർണ്ണമായും പരാജയമാണ്. അവരെ ഒഴിവാക്കണം, അങ്ങനെ വന്നാൽ രാജ്യത്ത് യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമായതെന്ന പ്രധാനമന്ത്രിയുടെ യുഎസിലെ പരാമർശത്തെ അദ്ദേഹം വിമർശിച്ചു. അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിക്കെതിരെ യുഎസിൽ രജിസ്റ്റർ ചെയ്തത് അഴിമതിക്കും മോഷണത്തിനുമുള്ള കേസുകളാണ്. ഇത് വ്യക്തിപരമായ പ്രശ്നമാക്കി ഒതുക്കാനും മറ്റുള്ളവർ സംസാരിക്കാതിരിക്കാൻ ആണ് പ്രധാനമന്ത്രി അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം തന്റെ പാർലമെന്റ് മണ്ഡലത്തിൽ എത്തിയത്. ആദ്യം വിദ്യാർത്ഥികളോട് സംസാരിച്ച അദ്ദേഹം ബിജെപിയും ആർഎസ്എസും ഇംഗ്ലീഷ് പഠിക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നുവെന്ന് കുറ്റപ്പെടുത്തി. ആർഎസ്എസും ബിജെപിയും പറയുന്നത് ആരും ഇംഗ്ലീഷ് പഠിക്കരുത് എന്നാണ്. എന്നാൽ ഇംഗ്ലീഷ് ഭാഷ ഒരു ആയുധമാണ്. ഈ ഭാഷ പഠിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് എവിടെയും പോകാം അത് തമിഴ്നാടോ ജപ്പാനോ മുംബൈയോ എവിടെയോ ആകാം. നിങ്ങളോട് ഇംഗ്ലീഷ് പഠിക്കരുതെന്ന് അവർ പറയുന്നത് അവർക്ക് ദളിതരും ആദിവാസികളും പാവപ്പെട്ടവരും ജോലിക്ക് വേണ്ടാത്തതു കൊണ്ടാണ്. എന്നാൽ ഇംഗ്ലീഷ് ആണ് നിങ്ങളുടെ വലിയ ആയുധം. ഹിന്ദിയും പ്രധാനമാണ്. ഒരിക്കലും സ്വന്തം വേര് നിങ്ങൾ അറുത്തു മാറ്റരുത്. എന്നാൽ ഇംഗ്ലീഷും വളരെയേറെ പ്രധാനപ്പെട്ടതാണ്- ദളിത് വിദ്യാർഥികൾക്കായുള്ള മൂൽ ഭാരതീയ ഹോസ്റ്റലിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.