നെയ്യാറ്റിൻകര ഗോപന് നിരവധി അസുഖങ്ങൾ; ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്


നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങൾ. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ മരണകാരണമായിട്ടില്ലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റും കാലിൽ അൾസറുമുണ്ട്. വൻ വിവാദങ്ങൾക്കൊടുവിലാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം.
ഗോപന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു സമാധി കല്ലറ തുറന്നത്. പരാതിയെ തുടർന്ന് മക്കൾ സ്ഥാപിച്ച സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ജനുവരി ഒൻപതിന് ‘സ്വർഗവാതിൽ’ ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നായിരുന്നു മക്കളുടെ മൊഴി. തുടർന്നായിരുന്നു വിവാദവും ഉയർന്നത്.