ഇടുക്കി കാട്ടാന ആക്രമണം; സോഫിയയുടെ പോസ്റ്റ്മോർട്ടം ഇന്ന്; കുടുംബത്തിന് ധനസഹായം നൽകും


ഇടുക്കി പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദിലാണ് കബറടക്കം.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നത് സർക്കാരിന് ശുപാർശ ചെയ്യും. കാട്ടാന ഭീഷണിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളെ പ്രദേശത്ത് നിന്ന് മാറ്റിപാർപ്പിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഉറപ്പ് ലഭിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മാറ്റാൻ ധാരണയായി.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സോഫിയഇസ്മയിലിനെ കാട്ടാന ആക്രമിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വനമേഖലയോട് ചേർന്ന എസ്‌റ്റേറ്റാണ് ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്. പാറയിടുക്കിലേക്ക് ചേർത്ത് ചവിട്ടി അമർത്തിയെന്നും ക്രൂരമായാണ് ആന ആക്രമിച്ചത്.