ഇരട്ടക്കുട്ടികളെയും അമ്മയെയും വീടിനുപുറത്താക്കിയ സംഭവം; സ്ത്രീധനത്തിന്റെ പേരിൽ അജിത് പീഡിപ്പിച്ചുവെന്ന് യുവതി


ഇരട്ടക്കുട്ടികളെയും അമ്മയെയും വീടിന് പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അജിത് റോബിൻ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് നീതു റിപ്പോർട്ടിനോട് വെളിപ്പെടുത്തി. ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് വൃക്കരോഗം ബാധിച്ചിരുന്നു. മലപ്പുറം പൊന്നാനി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് അജിത് റോബിൻ. മൂന്നുവർഷം മുൻപ് സർക്കാർ ജോലിയിൽ കയറിയതിനു ശേഷമാണ് പീഡനം ആരംഭിച്ചത്.
2018-ലായിരുന്നു നീതുവിന്റെയും റോബിന്റെയും വിവാഹം. വിവാഹ സമയത്ത് 65 പവന്റെ സ്വർണം നീതുവിന്റെ വീട്ടുകാർ നൽകിയിരുന്നു. വിവാഹത്തിനുശേഷം അജിത് ബലേനോ കാറും ആവശ്യപ്പെട്ടു. അതും വീട്ടുകാർ വാങ്ങി നൽകിയിരുന്നു. സർക്കാർ ജോലിയിൽ കയറിയതിനു ശേഷം വീണ്ടും 20 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു പീഡനം. 25 സെൻ്റ് വസ്തുവകകൾ തൻറെ പേരിൽ എഴുതിനൽകണമെന്നും റോബിൻ ആവശ്യപ്പെട്ടതായി നീതു പറഞ്ഞു.
അജിത്തിനെതിരെ നീതു മുൻപ് ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡറും യുവതി വാങ്ങിയിരുന്നു. വീടുപൂട്ടി പോയതിനെ തുടർന്ന് ഉച്ചമുതൽ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ലഭിച്ചിരുന്നില്ല. തുടർന്ന് കുടുംബം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.