സർക്കാരുകൾ പണം വാരിയ മാസം; ഖജനാവിലേക്ക് ഒഴുകിയെത്തിയത് ഒൻപത് മാസത്തെ ഉയർന്ന ജിഎസ്‌ടി വരുമാനം
ജനുവരിയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ചരക്ക് സേവന നികുതിയായി (ജിഎസ്ടി) പിരിച്ചെടുത്തത് ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന 1.71 ലക്ഷം കോടി രൂപ. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജനുവരിയിലെ വരുമാനമായ 1.54 ലക്ഷ കോടി രൂപയിൽ നിന്ന് 10.9% കൂടുതലാണ് ഇത്തവണത്തെ വരുമാനം. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മാസത്തിലെ നെറ്റ് ജിഎസ്‌ടി വരുമാനം 1.92 ലക്ഷം കോടി രൂപയായിരുന്നു.
ജനുവരിയിലെ ഗ്രോസ് ജിഎസ്‌ടി വരുമാനം 1.95 ലക്ഷം കോടി രൂപയാണ്. 2024 ഏപ്രിലിലെ 2.1 ട്രില്യൺ ഗ്രോസ് ജിഎസ്‌ടി വരുമാനം കഴിഞ്ഞാൽ ഏറ്റവുമധികം വരുമാനം ലഭിച്ച മാസമാണ് ജനുവരി. ഡിസംബറിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിന് ശേഷമാണ് വരുമാനത്തിൽ ഒൻപത് മാസത്തെ ഉയർന്ന നിരക്ക് ജനുവരിയിൽ രേഖപ്പെടുത്തിയത്. ഇതോടെ ഏപ്രിൽ-ജനുവരി മാസങ്ങളിലെ നെറ്റ് ജിഎസ്‌ടി വരുാനം മുൻവർഷത്തെ അപേക്ഷിച്ച് 8.7% ഉയർന്ന് 16.16 ട്രില്യൺ രൂപയായി.
സാമ്പത്തിക വർഷത്തിലെ ആകെ നികുതി റീഫണ്ട് 15.7% ഉയർന്ന് 2.12 ട്രില്യൺ രൂപയായപ്പോൾ ജനുവരിയിലെ റീഫണ്ട് 23.9% ഉയർന്ന് 23,853 കോടി രൂപയായി. തമിഴ്‌നാടും മഹാരാഷ്ട്രയിലും ജനുവരിയിൽ യഥാക്രമം 20%, 14% എന്നിങ്ങനെ ജിഎസ്‌ടി വരുമാനം ഉയർന്നു. ഉത്തർപ്രദേശും ഗുജറാത്തും 11% വീതവും തെലങ്കാനയും പശ്ചിമ ബംഗാളിലും യഥാക്രമം 10%, 7% വളർച്ചയും രേഖപ്പെടുത്തി. ഹിമാചൽ പ്രദേശ് (-7%), മിസോറാം (-10%), മണിപ്പൂർ (-1%), ലക്ഷദ്വീപ് (-4%) എന്നിവയാണ് വരുമാന ശേഖരണത്തിൽ ഇടിവുണ്ടായ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.