അതിദാരിദ്ര്യ നിർമ്മാർജ്ജനം മെയ് 31 നകം പൂർത്തീകരിക്കണം: മന്ത്രി എം ബി രാജേഷ്


അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ലക്ഷ്യം മെയ് 31 നകം പൂർത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാറിൻ്റെ മാലിന്യ മുക്ത നവകേരളം, ലൈഫ്, അതിദാരിദ്ര്യ നിർമ്മാർജനം, ഡിജി കേരളം,ജില്ലാതല അദാലത്ത് തീരുമാനങ്ങൾ നടപ്പാക്കൽ എന്നിവ സംബന്ധിച്ച് തൊടുപുഴയിൽ നടന്ന ഇടുക്കി കോട്ടയം ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വർഷം നവംബർ ഒന്നിനാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന ലക്ഷ്യം കൈവരിക്കേണ്ടത്. എന്നാൽ മൺസൂണും തുടർന്ന് തിരഞ്ഞെടുപ്പും വരുന്നതിനാൽ ഫലത്തിൽ മെയ് 31 വരെ മാത്രമേ സമയം കിട്ടുകയുള്ളു. അതിനാൽ മെയ് 31 ന് തന്നെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ലക്ഷ്യം കൈവരിക്കണം. മന്ത്രി പറഞ്ഞു.
അതി ദാരിദ്ര്യ നിർമ്മാർജനത്തിൽ ഇടുക്കി ജില്ലയുടെ പ്രവർത്തനം മുന്നേറണ്ടതുണ്ട്. ‘ കേരളത്തിലെ മറ്റെല്ലാ ജില്ലകളിലെയും അതിദാരിദ്ര്യ നിർമ്മാർജ്ജനം പൂർത്തിയായാലും ഇടുക്കി ജില്ലയിലെ രണ്ട് ഡസൻ തദ്ദേശ സ്ഥാപനങ്ങളെങ്കിലും പിന്നാക്കം പോകുന്ന സ്ഥിതിയാണുള്ളത്. ജനപ്രതിനിധികൾക്കായിരിക്കും ഇതിന്‍റെ ആത്യന്തിക ഉത്തരവാദിത്തം. കേരളം മുഴുൻ വിജയിച്ച ഒരു കാര്യം സ്വന്തം തദ്ദേശ സ്ഥാപനത്തിൽ പരാജയപ്പെട്ടാൽ ഉത്തരം നൽകാൻ അവർ ബാധ്യസ്ഥരാവും. ഈ പരിപാടിയെ അങ്ങേയറ്റം അവഗണിച്ചോ എന്നത് പരിശോധിക്കണം. അതിദരിദ്രർക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ഈ സ്ഥിതി കേരളത്തിൽ മറ്റെങ്ങുമില്ല. മറ്റ് ജില്ലകളിൽ അതിദരിദ്രരുടെ എണ്ണം രണ്ടക്കം കടന്നിട്ടുള്ളത് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലാണ്. എന്നാൽ ഇടുക്കിയിൽ പലയിടത്തും അമ്പതും അറുപതുമാണ് അതിദരിദ്രർ. ജനപ്രതിനിധികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്രശ്നങ്ങൾ അടിയന്തിരമായി അത് പരിഹരിക്കണം മന്ത്രി എംബി രാജേഷ് പറഞ്ഞു.
സർക്കാറിൻ്റെ എല്ലാ പ്രധാന പദ്ധതികളുടെയും ലക്ഷ്യം കൈവരിക്കുന്നതിനുള്ള സമയ പരിധി കുറഞ്ഞ് വരികയാണ്. പദ്ധതി ലക്ഷ്യം വേഗം പൂർത്തിയാക്കണം. മാലിന്യ മുക്തം നവ കേരളം പദ്ധതിക്ക് മാർച്ച് 30 ആണ് സമയപരിധി. ഈ രണ്ടരമാസം കൊണ്ട് ഇതുവെയുണ്ടായിട്ടുള്ള കുറവുകൾ കൂടി പരിഹരിച്ച് ലക്ഷ്യം പൂർത്തീകരിക്കണം. ഇക്കാര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ പൂർത്തിയാക്കാൻ തദ്ദേശ സെക്രട്ടറിമാരും, ശുചിത്വ മിഷൻ കോ-ഓർഡിനേറ്ററും, ശ്രദ്ധ ചെലുത്തണം. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യ നിർമ്മാജനത്തിൻ്റെ ഇന്നത്തെ അവസ്ഥ ഈ രീതിയിൽ തുടരാൻ പാടില്ല. അത് ഒരു തരത്തിലും ഇനി അനുവദിക്കില്ല.തദ്ദേശ തലത്തിൽ തന്നെ ബിന്നുകൾ, ബോട്ടിൽ ബൂത്തുകൾ, ക്യാമറകൾ സ്ഥാപിക്കണം, എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൻ്റെ പ്രവർത്തനം ഊർജിതമാക്കണം. ടൂറിസം കേന്ദ്രങ്ങളെ പൂർണ്ണമായും മാലിന്യ മുക്തമാക്കിയേ പറ്റൂ. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. മന്ത്രി പറഞ്ഞു.
മൂന്നാർ, കുമിളി മറ്റ് ടൂറിസം മേഖലകൾ തുടങ്ങി വൻ തോതിൽ മാലിന്യം ഉണ്ടാവുന്ന
കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന നടത്തണം. അവിടങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനം എന്തെന്ന് ഉറപ്പ് വരുത്തണം. ഇല്ലാത്തിടങ്ങളിൽ നോട്ടീസ് നൽകണം. കൂടാതെ യൂസർ ഫീ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേക മിഷൻ ആയിത്തന്നെ എടുക്കേണ്ടതാണ്. ഒരു തരത്തിലുള്ള അയവേറിയ സമീപനവും മാലിന്യ മുക്ത പദ്ധതി നിർവ്വഹണകാര്യത്തിൽ ഉണ്ടാകാൻ പാടില്ല. മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തദ്ദേശ തലത്തിൽ എൻഫോഴ്സ്മെന്‍റ് ശക്തിപ്പെടുത്തണം. ജില്ലാ എൻഫോഴ്സ്മെന്‍റ് ടീം പിഴ ചുമത്തിയത് ഈടാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാലിന്യ കൈമാറ്റത്തിനായി പ്രൈവറ്റ് ഏജൻസികളെ ഏൽപ്പിച്ചിട്ടുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതാത് തദ്ദേശ സ്ഥാപനത്തിന് കൂടി ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കും. മന്ത്രി പറഞ്ഞു.
ഡിജിറ്റൽ സാക്ഷരതയുടെ ലക്ഷ്യവും ഏപ്രിൽ, മെയ് മാസത്തോടെ തന്നെ പൂർത്തിയാക്കണം. കൂടാതെ പാലിയേറ്റീവ്, എ.ബി.സി പ്രോഗ്രാം എന്നിവയും പൂർത്തീകരിക്കണം. മന്ത്രി എം ബി രാജേഷ് പറഞ്ഞു.
കോട്ടയം ജില്ലയുടെ പദ്ധതി അവലോകനവും നടന്നു.
പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സംബശിവ റാവു, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഓൺലൈനിൽ സംബന്ധിച്ചു. ജില്ലാപഞ്ചായത്ത് ആക്ടിംഗ് പ്രസിഡൻ്റ് ആശ ആൻ്റണി, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ, സബീനബിഞ്ചു, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി, അഡീഷണൽ ഡയറക്ടർ എംപി അജിത്കുമാർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി വിനോദ് ,തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.