‘ഭക്തർ കുറ്റവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലം’; ടീം വർക്കെന്ന് മന്ത്രി വി എൻ വാസവൻ
കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വി എൻ വാസവൻ. ഹരിവരാസനം പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആതിഥേയ സംസ്‌കാരത്തിൽ ഉന്നതവും ഉദാത്തവുമായ മാതൃക സൃഷ്ടിച്ചും നിലവാരം ഉയർത്തിയും തീർഥാടന കാലം പൂർണതയിലേക്ക് കടക്കുകയാണ്. ഭക്തർ കുറ്റവും കുറവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലമാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇത് സാധ്യമാക്കിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ലക്ഷക്കണക്കിന് ഭക്തർക്ക് മകരവിളക്ക് ദർശന സൗകര്യം ഒരുക്കാൻ അർഥപൂർണമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ശബരിമലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നു. ഭക്തരുടെ മടക്കയാത്രയ്ക്കുള്ള യാത്രാ സൗകര്യങ്ങളും സജ്ജമാണ്. മകരവിളക്കിന് ശേഷം ജനുവരി 20ന് നട അടയ്ക്കുന്നത് വരെയുള്ള സംവിധാനങ്ങളുടെ മുന്നൊരുക്കങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംഗീതലോകത്ത് പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ കാലത്തിന് അതീതമാണെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രീയ സംഗീതത്തിൽ ആഗ്രഗണ്യനാണ് അദ്ദേഹം. സാംസ്‌കാരിക കേരളത്തിന് നൽകിയിട്ടുള്ള സംഭാവനകൾ, അയ്യപ്പനെ സാക്ഷി നിർത്തി എഴുതിയ അയ്യപ്പ ഗാനങ്ങൾ അയ്യപ്പകാരുണ്യം, ശരണാമയം അയ്യപ്പപ്പൂജ തുടങ്ങിയ സംഗീത ആൽബങ്ങൾ എന്നിവ പരിഗണിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു.