‘തിരുത്തലിന് തയ്യാറാകുന്നില്ല’; മത്സരത്തിന് പ്രതിഷേധ റാലി നടത്തും; പ്രതിഷേധം കടുപ്പിക്കാൻ മഞ്ഞപ്പട
കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. നാളെ മത്സരത്തിന് മുന്നോടിയായി പ്രതിഷേധ റാലി സംഘടിപ്പിക്കാനാണ് ആരാധക കൂട്ടായ്മയുടെ തീരുമാനം. വിമർശനങ്ങൾ ഉയർന്നിട്ടും തിരുത്തലിന് മാനേജ്മെന്റ് തയ്യാറാവാത്തതാണ് പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പോലെ സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങൾ ഉണ്ടാകും.
മഞ്ഞപ്പട സ്റ്റാൻഡിലേക്കുള്ള ഗേറ്റ് നമ്പർ പതിനാറിന്റെ അവിടെവെച്ച് ആരംഭിച്ചു, ക്ലബ് ഓഫീസ് . വി ഐ പി എൻട്രൻസ് എന്നിവിടങ്ങളിൽ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നിൽ അവസാനിക്കുന്ന രീതിയിൽ ആണ് റാലി സംഘടിപ്പിക്കുക. മോശം ഫലങ്ങളുടെ തുടർച്ചയിൽ, ഡിസംബർ പകുതിയോടെ ഹെഡ് കോച്ച് മൈക്കൽ സ്റ്റാറെയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 15 മത്സരങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത്.
ആരാധകരെ തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധക ഉപദേശക ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്ലാസ്റ്റേഴ്സിന്റെ മോശ പ്രകടനത്തിൽ മാനേജ്മെന്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം സ്റ്റേഡിയത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലും മഞ്ഞപ്പട പ്രതിഷേദവുമായി രംഗത്തെത്തിയിരുന്നു.
ലീഡേഴ്‌സ് ഓർ ലയേഴ്‌സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് മഞ്ഞപ്പട മുഹമ്മദൻസിനെതിരായ മത്സരത്തിൽ എത്തിയത്. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിലും പ്രതിഷേധം തുടർന്നിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ നോർത്ത് വിംഗാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാർ സ്റ്റേഡിയത്തിന് പുറത്തും ബാനറുകളും ഉയർത്തിയിരുന്നു.