ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനാവുന്നില്ല; സ്പാഡെക്സിൻ്റെ ഡോക്കിങ് ദൗത്യം അനിശ്ചിതത്വത്തിൽ
ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ ‘സ്പാഡെക്സ് ‘ അനിശ്ചിതത്വത്തിൽ. ഇരട്ട പേടകങ്ങളെ കൂട്ടിയോജിപ്പിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരുന്ന ദൗത്യം ഐഎസ്‌ആർഒ വീണ്ടും മാറ്റി. പേടകങ്ങളുടെ ദൂരം കുറച്ചു കൊണ്ട് വരുന്ന പ്രക്രിയ പ്രവേഗം കൂടിയതിനാൽ പേടകങ്ങൾ മുൻപ് നിശ്ചയിച്ചതിലും അടുത്തെത്തിയതായി ഐഎസ്ആർഒ അറിയിച്ചു.
വിക്ഷേപണ സമയത്ത് 30 കിലോമീറ്റർ ദൂര പരിധി ഉണ്ടായിരുന്ന പേടകങ്ങൾ നിലവിൽ 225 മീറ്റർ അടുത്തെത്തിയിരിക്കുകയാണ്. പ്രവേഗം നിയന്ത്രിച്ചു വേണം ഡോക്കിങ്ങിന്റെ ദൂരപരിധിയായ 3 മീറ്റർ അകലത്തിൽ പേടകങ്ങളെ നിർത്താൻ. ഇത് മുൻ നിശ്ചയ പ്രകാരം നടത്താനുള്ള ഐഎസ്ആർഒയുടെ രണ്ടു ശ്രമങ്ങളാണ് പാളിയിരിക്കുന്നത്.
ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്.
രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗത്യമാണ് ‘സ്പാഡെക്സ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. സോവിയേറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.