കട്ടപ്പന വത്സമ്മ കൊലപാതകം; ഭർത്താവ് വിജേഷിനെ കണ്ടെത്താൻ ഊർജിത തിരച്ചിൽ


ഇടുക്കി:
അധ്യാപികയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതം. കട്ടപ്പന കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനിമോള്‍-27) ആണ് മരിച്ചത്.
*ഒളിവിൽ പോയ വിജേഷിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കുമളിയാണ് കാണിക്കുന്നത്.* തമിഴ്നാട്ടിലേക്ക് കടന്നു കളയാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. *ഇതിനിടെ മേപ്പാറയിൽ വിജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.*
വത്സമ്മയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഴുകി തുടങ്ങിയതിനാൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച്ച വൈകിട്ട് ആറിനാണ് വത്സമ്മയുടെ മൃതദേഹം വീടിനുള്ളിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയായിരുന്നു. വത്സമ്മയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇടുക്കി സബ്കളക്ടർ അരുൺ എസ്. നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.