മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം, പ്രമേയം പാസാക്കി തെലങ്കാന നിയമസഭ; എതിർത്ത് ബിജെപി
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ഭാരത് രത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. പ്രമേയത്തെ പ്രധാനപ്രതിപക്ഷ പാർട്ടിയായ ബിആർഎസ്സും അനുകൂലിച്ചു. ഇന്ത്യയുടെ സാമ്പത്തിക വിപ്ലവത്തിന്‍റെ പ്രധാനശിൽപിയായ മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിന്‍റെ വളപ്പിൽ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുമെന്നും തെലങ്കാന സർക്കാർ വ്യക്തമാക്കി.
തെലങ്കാന സംസ്ഥാനരൂപീകരണസമയത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന് ആദരമർപ്പിക്കാൻ ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രമേയത്തെ ബിജെപി എതിർത്തു. തെലുഗു മണ്ണിന്‍റെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്‍റെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടതെന്ന് ബിജെപി എംഎൽഎ ആളേരു മഹേശ്വർ റെഡ്ഡി ആവശ്യപ്പെട്ടു.
അതേസമയം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിൽ
നേതാക്കൾ പങ്കെടുക്കാതിരുന്നത് കുടുംബത്തിൻറെ സ്വകാര്യത മാനിച്ചാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
വിഷയം പാർട്ടി നേതൃത്വം ചർച്ച ചെയ്താണ് തീരുമാനിച്ചത്. സംസ്കാര സമയത്ത് കുടുംബത്തിനു വേണ്ട പരിഗണന ലഭിച്ചില്ലെന്നും പാർട്ടി വക്താവ് പവൻ ഖേര പറഞ്ഞു.