ക്രിസ്തുജയന്തിയുടെ ജൂബിലി: ഇടുക്കി രൂപതാതല ഉദ്ഘാടനം ഞായറാഴ്ച
ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വർഷം ഇടുക്കി രൂപതയിൽ നാളെ ഉദ്ഘാടനം ചെയ്യപ്പെടും. ക്രിസ്തുമസ് തിരുക്കർമ്മങ്ങളോടനുബന്ധിച്ച് റോമിലെ വിശുദ്ധ കവാടം തുറന്ന് ജൂബിലി വർഷാചരണത്തിന് മാർപാപ്പ ഔദ്യോഗികമായ തുടക്കം കുറിച്ചു. അതിനോടനുബന്ധിച്ച് നാളെ എല്ലാ രൂപതകളിലും കത്തീഡ്രൽ പള്ളിയിൽ രൂപതധ്യക്ഷൻ ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടന കർമ്മം നിർവഹിക്കും. രാവിലെ 6.30ന് കത്തീഡ്രൽ പാരിഷ് ഹാളിൽ ആരംഭിക്കുന്ന പ്രത്യേക പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രദക്ഷിണമായി പ്രധാന കവാടത്തിങ്കലെത്തി രൂപതാ മെത്രാൻ ഔദ്യോഗികമായി കത്തീഡ്രലിന്റെ വാതിൽ തുറന്ന് ദൈവാലയത്തിൽ പ്രവേശിക്കും. തുടർന്ന് ജൂബിലി കുരിശ് പരസ്യ വണക്കത്തിനായി കത്തീഡ്രലിനുള്ളിൽ പ്രതിഷ്ഠിക്കും. മാമ്മോദീസാവൃത നവീകരണം നടത്തി രൂപതാധ്യക്ഷൻ വിശ്വാസി സമൂഹത്തെ വിശുദ്ധ ജലം തളിച്ച് ആശീർവദിക്കും. അതേതുടർന്ന് ജൂബിലിതിരി തെളിച്ച് മഹാജൂബിലി 2025 ന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടക്കുന്ന കാഴ്ചസമർപ്പണത്തിൽ വൈദിക സന്യാസ പ്രതിനിധികൾ, ഭക്തസംഘടനകളുടെ ഭാരവാഹികൾ, പാസ്റ്ററൽ കൗൺസിൽ പ്രതിനിധികൾ, വൈദിക വിദ്യാർഥികൾ, സന്യാസിനി അർത്ഥിനികൾ എന്നിവർ സംബന്ധിക്കും. തുടർന്നു നടക്കുന്ന വി. കുർബാനയിൽ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. കുർബാനയുടെ സമാപനത്തിൽ ജൂബിലി വർഷത്തിന്റെ സവിശേഷതയായ പൂർണ്ണദൺഡവിമോചനത്തോടുകൂടിയ അപ്പസ്‌തോലിക ആശീർവാദം അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ നൽകും. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ചാൻസലർ ഫാ. മാർട്ടിൻ പൊൻപനാല്‍, ജൂബിലി കോർഡിനേറ്റർ ഫാ. മാത്യു അഴകനാകുന്നേൽ എന്നിവർ നേതൃത്വം നൽകും.
2026 ജനുവരി 6 നാണ് ജൂബിലി വർഷം സമാപിക്കുന്നത്. വിപുലമായ ഒരുക്കങ്ങളോടുകൂടിയാണ് ഇടുക്കി രൂപതയിൽ ജൂബിലി വർഷം ആചരിക്കുന്നത് എന്ന് രൂപത വക്താവ് ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു.