ജനകീയനായ വില്ലേജ് ഓഫീസർക്ക് നാട്ടുകാരുടെ ഊഷ്മളമായ യാത്രയയപ്പ്
ചെറുതോണി : ജനകീയനായ വില്ലേജ് ഓഫീസർക്ക് നാട്ടുകാരുടെ ഊഷ്മളമായ യാത്രയയപ്പ്. രണ്ടുവർഷക്കാലത്തോളം ഉപ്പുതോട് വില്ലേജ് ഓഫീസറായിരുന്ന സിബി തോമസിനാണ് യാത്രയയപ്പ് നൽകിയത്. കൊന്നത്തടി വില്ലേജ് ഓഫീസിലേക്കാണ് സ്ഥലംമാറിപ്പോകുന്നത്.
2018-ലെ കാലവർഷക്കെടുതിക്ക് തൊട്ടുപിന്നാലെയാണ് വില്ലേജ് ഓഫീസറായി സിബി തോമസ് ചുമതലയേറ്റത്. ഉപ്പുതോട് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ആയി ഉയർത്തിയതിനെ തുടർന്ന് സ്ഥലം എടുക്കുന്നതുൾപ്പെടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സജീവമായി ഇടപെട്ടു. എ.ടി.എം. കാർഡുവഴി എല്ലാവർക്കും ഇടപാടുകൾ നടത്താൻ കഴിയുന്ന സംസ്ഥാനത്തെ ആദ്യ വില്ലേജായി ഉപ്പുതോടിനെ മാറ്റിയതും റി-സർവേ പൂർത്തീകരിച്ച് ഡിജിറ്റൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതുമെല്ലാം സിബി തോമസിന്റെയും മറ്റ് ജീവനക്കാരുടെയും പ്രവർത്തനമികവാണ്.
യാത്രയയപ്പ് സമ്മേളനത്തിൽ വില്ലേജ് വികസന സമിതി കൺവീനർ തങ്കച്ചൻ അമ്പാട്ടുകുഴി അധ്യക്ഷനായി. ഉപ്പുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ഫിലിപ്പ് പെരുന്നാട്ട് വില്ലേജ് ഓഫീസർ സിബി തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മരിയാപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിജിനി ടോമി ഉപഹാരം നൽകി നാടിന്റെ ആദരവ് അറിയിച്ചു. വില്ലേജ് വികസന സമിതി ചെയർമാൻ രഞ്ജിത്ത് എൻ.എസ്., അംഗങ്ങളായ സണ്ണി പുലിക്കുന്നേൽ, തോമസ് കുഴിയംപ്ലാവിൽ, ബേബി ചൂരക്കുഴി, വിജയൻ കല്ലിങ്കൽ, ബെന്നി പള്ളിപ്പറമ്പിൽ, സതീശൻ മനത്താനത്ത്, ഷിജി കൊല്ലിയിൽ, സജി മറ്റത്തിൽ അങ്കണവാടി വർക്കർ ലൂസി സി.സി. തുടങ്ങിയവർ സംസാരിച്ചു.