കട്ടപ്പന പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫെലിസ് നവിദാദ് സീസണ്‍ 1 ക്രിസ്മസ് ആഘോഷം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള കരോള്‍ഗാന മത്സരം 20ന് വൈകിട്ട് 4മുതല്‍ നടക്കും
കട്ടപ്പന പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ ഫെലിസ് നവിദാദ് സീസണ്‍ 1 ക്രിസ്മസ് ആഘോഷം തുടങ്ങി. ഇതിന്റെ ഭാഗമായുള്ള കരോള്‍ഗാന മത്സരം 20ന് വൈകിട്ട് 4മുതല്‍ നടക്കും.
കോളേജിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാനേജ്‌മെന്റ്, അധ്യാപക- അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ചേര്‍ന്ന് പരിപാടി സംഘടിപ്പിക്കുന്നത്.
കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ അധ്യക്ഷനാകും. കരോള്‍ഗാന മത്സരത്തില്‍ 15ലേറെ ടീമുകള്‍ മത്സരിക്കും. വിജയികള്‍ക്ക് യഥാക്രമം 20000, 10000, 5000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കും.
ജില്ലയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ അനുമോദിക്കും.
15 അടി ഉയരമുള്ള സാന്താക്ലോസും വര്‍ണാഭമായ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും കോളേജ് അങ്കണത്തില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഹൈറേഞ്ചിന്റെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന സംഗീതദിശയും നടക്കും.
ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് കഴിഞ്ഞദിവസം കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കോളേജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് കേക്ക് വിതരണം ചെയ്തിരുന്നു. കൂടാതെ, തൊടുപുഴ- പുളിയന്‍മല സംസ്ഥാനപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്കും കേക്ക് വിതരണം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എം വി ജോര്‍ജ്കുട്ടി, ക്രിസ്റ്റി പി ആന്റണി, അനുജ മേരി തോമസ്, ശ്യാമിലി ജോര്‍ജ്, അനിറ്റ് ജോസ് എന്നിവര്‍ പങ്കെടുത്തു.