വന സംരക്ഷണ നിയമ ഭേദഗതിയിൽ നിർദേശങ്ങൾ നിറയെ കാടത്തം നിറഞ്ഞത്കേരള കോൺഗ്രസ്സ് (എം)
വനം വകുപ്പ് നിയമ ഭേദഗതിയിലൂടെ നടപ്പിലാക്കുന്നതിനു നിർദ്ദേശിച്ചിട്ടുള്ളവ മലയോര മേഖലയും വനപ്രദേശങ്ങളോട് ചേർന്നുള്ള കർഷകരെയും പ്രതികൂലമായി ബാധിക്കുന്നതും നിറയെ കാടത്തം നിറഞ്ഞതുമാണെന്ന് കേരള കോൺഗ്രസ്സ്(എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല പറഞ്ഞു.ഉദ്യോഗസ്ഥ തലത്തിൽ മാത്രം നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള നിർദേശങ്ങൾ തികച്ചും അപ്രായോഗികമാണ് .വനം വകുപ്പിലെ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് വരെ പരമാധികാരം നൽകുന്നതിലൂടെ ശത്രുതാപരമായ നടപടികൾ സ്വീകരിക്കുന്നതിന് അവസരം ഒരുക്കും .
വനത്തിൽ നിന്നും കൃഷിഭൂമിയിലേക്ക് എത്തുന്ന വന്യ മൃഗങ്ങളെ തടയുന്നതിനുള്ള നിയമ ഭേദഗതിയാണ് ഇപ്പോൾ ആവശ്യം .കാട്ടാനയുടെ ശല്യം മൂലം കൃഷിനാശത്തിനൊപ്പം ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ പോലും ഇപ്പോൾ സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്.കാർഷിക മേഖലയിൽ കാട്ടുപന്നി,കുരങ്ങ്,മയിൽ,മരപ്പട്ടി തുടങ്ങിയവയുടെ ശല്യം മൂലം കൃഷിയിൽ നിന്നും പിന്മാറുകയാണ് .തന്നാണ്ടു കൃഷികളായ മരച്ചീനി, ,ചേന ,ചേമ്പ് ,കാച്ചിൽ ,കൂർക്ക ,തുടങ്ങിയവയുടെ കൃഷി ഇല്ലാതായതോടെ മലയോര മേഖല ഭക്ഷ്യ ക്ഷാമം നേരിടുകയും പഴം പച്ചക്കറികൾക്കായി ഇതര സംസ്ഥാനങ്ങളെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയിലുമാണ് .
ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിൽ വനം വകുപ്പ് സ്വീകരിക്കുന്ന നടപടികൾ നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് കേരളത്തിലെ വനം വകൂപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.ആദിവാസി സമൂഹത്തിനു പോലും വനത്തിലെ കാട്ടുതേൻ,മൽസ്യം ഉൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങൾ ശേഖരിക്കുന്നതിനും പുതിയ നിർദേശങ്ങൾ തടസം ഉന്നയിക്കും .നിർദേശത്തിൽ വിവിധ വകുപ്പുകൾ ചുമത്തി ഈടാക്കി വരുന്ന പിഴ തുകയിൽ ഇരട്ടിയിൽ അധികം വർധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത് .തികച്ചും ജനദ്രോഹംപരവും വസ്തുതകൾക്ക് നിരാകാത്തതുമായ വനം വകുപ്പിന്റെ നിർദേശങ്ങൾ തള്ളണമെന്നും ഇടതുപക്ഷ സർക്കാർ ഇതുമായി ബന്ധപ്പെട്ട ബില്ല് തയാറാക്കുന്നതിന് അനുമതി നൽകരുതെന്നും കേരള കോൺഗ്രസ്സ് (എം) ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിബിച്ചൻ തോമസ് സ്വാഗതം ആശംസിച്ചു പാർട്ടി നേതാക്കളായ മനോജ് എം തോമസ്,ജോസ് കുഴികണ്ടം,ടി പി മൽക്ക,കെ എൻ മുരളി ,ഷിജോ തടത്തിൽ ,ജെയിംസ് മ്ലാക്കുഴി,സിജി ചാക്കോ,റെജി മുക്കാട്ട് ,ജോമോൻ പൊടിപാറ,ജോർജ് അമ്പഴം,ബിജു ഐക്കര,ജോയി കുഴിപ്പള്ളി,ഫ്രാൻസിസ് കരിമ്പാനി,ജോണി ചെമ്പുകട,ജോസഫ് പെരുംവിലങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു .