ഹിൽ ഹൈവേ റൺ ചരിത്രമാക്കാൻ കൂടിയാലോചനാ യോഗം നാളെ ഏലപ്പാറയിൽ

കിഫ്ബിയുടെ നേതൃത്വത്തിൽ പ്രശസ്ത ദീർഘദൂര ഓട്ടതാരം മിലിന്ദ് സോമൻ നയിക്കുന്ന ഹിൽ ഹൈവേ റൺ ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ ഏലപ്പാറ മുതൽ കാഞ്ചിയാർ വരെ നടക്കും. ജില്ലയിൽ ഈ മഹായോട്ടം ചരിത്രസംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ വൈകിട്ട് നാലിന് ഏലപ്പാറയിലെ പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്ക് ഹാളിൽ വിപുലമായ കൂടിയാലോചനാ യോഗം ചേരുന്നു. മലയോര ഹൈവേയുടെ വികസന പ്രാധാന്യം ലോക ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹിൽ ഹൈവേ റൺ ഇടുക്കിയുടെ കായിക-സാമൂഹിക മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്ന പരിപാടിയാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികളും ആയിരക്കണക്കിന് വിദ്യാർത്ഥികളും കായിക താരങ്ങളും പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടി ദേശീയ- സംസ്ഥാന തലത്തിൽ ശ്രദ്ധേയമാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപിത പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക് നിയന്ത്രണം, ആരോഗ്യസൗകര്യങ്ങൾ, മീഡിയ ഏകോപനം, വിദ്യാർത്ഥി പങ്കാളിത്തം, സാമൂഹിക സന്ദേശങ്ങളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യും. ആലോചനാ യോഗത്തിൽ ചലച്ചിത്ര സംവിധായകനും കിഫ്ബി ക്രിയേറ്റീവ് ഡയറക്ടറുമായ
വി.എ.ശ്രീകുമാർ മേനോൻ (മേധാവി പുഷ് 360), സി.പി.ഐ.എം, ഇടുക്കി ജില്ലാ സെക്രട്ടറി, സി.വി.വർഗീസ്, മാധ്യമ പ്രവർത്തകനും, പുഷ് 360 വൈസ് പ്രസിഡൻ്റുമായ യു.പ്രദീപ്, മുതിർന്ന മാധ്യമ പ്രവർത്തകനും ന്യൂസ് മലയാളം ചാനൽ മേധാവിയുമായ
ഹർഷൻ പൂപ്പാറക്കാരൻ, ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ,പൗര പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.













































































