ശരീരത്തിൽ സംശയാസ്പദമായ പരുക്കുകൾ ഇല്ല, എ ഡി എം നവീൻ ബാബുവിൻ്റേത് തൂങ്ങിമരണം തന്നെ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംശയാസ്പദമായ പരുക്കുകൾ ഒന്നും തന്നെ നവീൻ ബാബുവിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.
എന്നാൽ നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് അനുമതി തേടിയിരുന്നില്ലെന്ന് ബന്ധു അനിൽ പി നായർ ആരോപണവുമായി എത്തി. പോസ്റ്റ്‌മോർട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടത്താൻ പാടുള്ളൂ എന്നും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇൻക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് തങ്ങളെ അറിയിച്ചിരുന്നത്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങൾ പോലും സൂക്ഷിച്ചിട്ടില്ല. കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തങ്ങൾക്കുള്ള ആശങ്കകളും സംശയങ്ങളുമാണ് അറിയിച്ചതെന്നും ബന്ധു പ്രതികരിച്ചു.
അതേസമയം, നവീൻ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ എതിർത്തു. അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയ്യാറല്ലെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.അന്വേഷണം ശരിയായ ദിശയിൽ ആണെന്നും മറ്റൊരു ഏജൻസി അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. പ്രതിക്ക് രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് എ ഡി എമ്മിന്റെ കുടുംബത്തിൻ്റെ വാദം. എന്നാൽ പക്ഷപാതപരമാണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് കോടതി വാദത്തിനിടെ സിബിഐയോട് ആരാഞ്ഞു. കോടതി ഉത്തരവിട്ടാൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നായിരുന്നു സിബിഐ വാക്കാല്‍ നൽകിയ മറുപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 12 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.