ഇന്നലെ വന്ദേഭാരത് നേരിട്ട സാങ്കേതിക തടസം; ട്രെയിന്‍ യാത്രക്കാര്‍ ആകെ വലഞ്ഞു; വൈകിയോടിയത് 12 ട്രെയിനുകള്‍
സാങ്കേതിക തകരാര്‍ മൂലം ഇന്നലെ വന്ദേഭാരത് വൈകിയതിന് പിന്നാലെ ട്രെയിന്‍ യാത്രക്കാര്‍ നേരിട്ടത് വന്‍ പ്രയാസം. വന്ദേഭാരത് വൈകിയതുമൂലം 12 ട്രെയ്നുകള്‍ വൈകിയോടി. ഇന്നലെ 5.30 മുതല്‍ 9 മണിവരെയുളള ട്രെയ്നുകളാണ് വിവിധയിടങ്ങളില്‍ പിടിച്ചിട്ടത്. തൃശൂരിലും ഷൊര്‍ണ്ണൂരിലും ഒറ്റപ്പാലത്തും യാത്രക്കാര്‍ ദുരിതത്തിലായി. വന്ദേഭാരത് ഇത്ര സങ്കീര്‍ണ്ണമായ സാങ്കേതികതകരാരില്‍ കുടുങ്ങുന്നത് ആദ്യമായാണ്. സംഭവത്തില്‍ റെയില്‍വേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെത്തിച്ച ട്രെയ്ന്‍ വിശദമായി പരിശോധിച്ച് തകരാര്‍ പരിഹരിക്കും.
തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് ഇന്നലെ ഷൊര്‍ണൂരില്‍ സ്റ്റക്കായത്. ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും മധ്യെയാണ് ട്രെയിന്‍ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്നാണ് ജീവനക്കാര്‍ യാത്രക്കാരോട് പറഞ്ഞതെങ്കിലും രണ്ട് മണിക്കൂറോളമായി ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വരികയായിരുന്നു. 5.50ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിന്‍ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് 8 മണിക്ക് ശേഷമാണ് ട്രെയിന്‍ വിട്ടത്.
ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലച്ചതും ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. പിന്നീട് മറ്റൊരു എഞ്ചിന്‍ കൊണ്ടുവന്നാണ് ട്രെയിന്‍ ട്രാക്കില്‍ നിന്ന് നീക്കിയത്. ശേഷം യാത്രക്കാരെ മറ്റൊരു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാലാണ് ട്രെയിന്‍ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തിരുന്നത്.