ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും


ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും.
അതേസമയം, അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയ 63 പേരെ നേരില്‍ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കല്‍ നഗരസഭയും തുടങ്ങി. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു.
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. BMW ഉടമകള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു എന്നായിരുന്നു കണ്ടെത്തല്‍.വീടുകളില്‍ എ.സി സൗകര്യം ഉള്ളവരും,സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും ക്ഷേമ പെന്‍ഷന്‍
വാങ്ങുന്നുവെന്നും കണ്ടെത്തിയിരുന്നു.
തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.സര്‍ക്കാര്‍ മേഖലയില്‍ ഉള്ള 9201 പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയെന്നു സി&എജി 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.