തൊട്ടതെല്ലാം പൊന്നാക്കിയ സരിൻ, പക്ഷേ ഒടുവിൽ അടിതെറ്റി; രാഹുലിന് മുന്നിൽ വീണു
ജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയയാളാണ് ഡോ പി സരിൻ. വ്യക്തിജീവിതത്തിലും ആവശ്യത്തിലധികം റിവേഴ്‌സ് ഗിയറുകളും കരിയർ ഷിഫ്റ്റുകളും നടത്തിയ പാലക്കാട്ടുകാരൻ. എന്നാൽ എല്ലാം ലക്ഷ്യത്തിലെത്തിയിട്ടേ സരിൻ അടങ്ങിട്ടുള്ളൂ. ആദ്യം എംബിബിഎസ് പഠനം നടത്തി ഡോക്ടറായി, പിന്നീട് അതുപേക്ഷിച്ച് ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസുകാരനായി. അതിനിടയിൽ നിയമ പഠനവും തുടങ്ങി. ഒടുവിൽ അതെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയ വഴി സ്വീകരിച്ച് കോൺഗ്രസിന്റെ ഡിജിറ്റൽ വിഭാഗത്തിന്റെ ഹെഡായും സംസ്ഥാനത്തെ പ്രധാന നേതാവായും മാറി. ഇത് വരെയുള്ള സരിന്റെ ജീവിത യാത്ര ഏതാണ്ട് ക്രിസ്റ്റൽ ക്ലിയർ ആയിരുന്നുവെന്ന് പറയാം.
എന്നാൽ അതിന്റെ ശേഷമാണ് സരിന്റെ കരിയറിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുന്നത്. രാഷ്ട്രീയ പടലപ്പിണക്കത്തിൽ അത് വരെ പൊക്കിപ്പറഞ്ഞ കോൺഗ്രസിൽ നിന്നും സരിന് ഒരു സുപ്രഭാതത്തിൽ ഇറങ്ങിവരേണ്ടി വരുന്നു. രാഷ്ട്രീയ പടലപിണക്കം എന്നതിനേക്കാൾ സ്ഥാനാർത്ഥി തർക്കം എന്ന് പറയുന്നതാവും കൂടുതൽ ശരി. മുമ്പ് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ ടീച്ചറമ്മയെ തോൽപ്പിച്ച് കേന്ദ്രപാർലമെന്റിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയിലേക്ക് ഷാഫിയുടെ നോമിനിയായ രാഹുൽ മാങ്കൂട്ടത്തിനൊപ്പം സരിനും കണ്ണ് വെച്ചിരുന്നു.
ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡുമെല്ലാം പാർട്ടിയിലെ ക്രൗഡ് പുള്ളർക്ക് പച്ച കൊടി കാണിച്ചപ്പോൾ സരിൻ നിരാശനായി. ഗത്യന്തരമില്ലാതെ കോൺഗ്രസിൽ ഉരുണ്ടുകൂടുന്ന വിഭാഗീയതയുടെ ഭൂതത്തെ തുറന്ന് വിട്ട് സരിൻ മറുപക്ഷത്തെത്തി. അതോടെ ഒരു കേന്ദ്ര തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആലസ്യത്തിൽ തണുപ്പ് പിടിച്ചിരിക്കുകയായിരുന്ന സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ഉപ തിരഞ്ഞെടുപ്പെന്നാൽ പാലക്കാട്ടെ കടത്തനാടൻ പോരായി. പെട്ടി വിവാദത്തിൽ തുടങ്ങി, സന്ദീപ് വാര്യരുടെ അപ്രതീക്ഷിത കോൺഗ്രസ് പ്രവേശനവും പരസ്യ വിവാദവും, ശേഷമുള്ള പാലക്കാടൻ സംഭവ വികാസങ്ങൾക്ക് രാഷ്ട്രീയ കേരളം സാക്ഷിയാണ്.
ഒടുവിൽ ശരിക്കുമുള്ള പെട്ടി പൊട്ടിച്ചപ്പോൾ എന്ത് സംഭവിച്ചു? വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നില കാണിക്കില്ലെന്ന് പറഞ്ഞ അപ്രതീക്ഷിത ട്വിസ്റ്റുകളുടെ ഉടയോൻ മൂന്നാം സ്ഥാനത്തെത്തി. രാഹുലിന്റെ വ്യക്തിപ്രഭാവത്തിന്റെയും ഷാഫി പറമ്പലിന്റെ നോമിനി പ്രഭാവത്തിന്റെയും മുന്നിൽ സരിൻ കടപുഴകി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും രണ്ടാം സ്ഥാനത്ത് പോലും എത്താത്ത സരിനെ 18724 എന്ന ചരിത്ര ഭൂരിപക്ഷത്തിലാണ് രാഹുൽ തോൽപ്പിച്ചത്. പാലക്കാട് പണ്ട് ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന്റെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തെയും കടത്തിവെട്ടിയുള്ള രാഹുലിന്റെ ഒറിജിനൽ വിജയം. രാഹുൽ ഇനിയൊരിക്കലും കേരള രാഷ്ട്രീയത്തിൽ ഷാഫി പറമ്പിൽ നോമിനിയാവില്ല, രാഹുലായിരിക്കും ഇനിയുള്ള കോൺഗ്രസിന്റെ ആൾക്കൂട്ടത്തിന്റെ നോമിനി.