വജ്ര ജൂബിലി ഫെലോഷിപ്പ് ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന് പുരസ്കാരം
കട്ടപ്പന:കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള പുരസ്കാര സമർപ്പണവും സമ്മാനദാനവും കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച മികച്ച സ്കൂളുകളിൽ ഒന്നാം സ്ഥാനം ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളും കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളും പങ്കിട്ടു. ജില്ലാതല ക്വിസ് മത്സരത്തിൽ കട്ടപ്പന ഓക്സിലീയം ഹയർസെക്കൻഡറി സ്കൂളിലെ ദിയ സാലു ഒന്നാം സ്ഥാനവും നെടുംകണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ അതുൽ സാബു രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മാർട്ടിൻ തങ്കച്ചൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ചെമ്മണ്ണാർ സെൻ്റ് സേവിയേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ അനിൽ ജോസ് മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.ചടങ്ങിൽ
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി ജോൺ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗവും സാഹിത്യകാരനുമായ ജിജി.കെ.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ ലോഗോ പ്രകാശനം നടത്തി.യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജോമോൻ പൊടിപാറ ഏറ്റുവാങ്ങി.സാംസ്കാരിക വകുപ്പ് ജില്ലാ കോ-ഓഡിനേറ്റർ എസ്.സൂര്യലാൽ, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോജോ മോളോപറമ്പിൽ, പി.ടി.എ പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ, കട്ടപ്പന ഡെവലപ്മെൻ്റ് ഫോറം പ്രസിഡൻ്റ് ജെയ്ബി ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് വജ്ര ജൂബിലി ഫെലോഷിപ്പ് ആർട്ടിസ്റ്റ് കലാമണ്ഡലം ഹരിത, ടീം ലീഡർ രാജേഷ് ലാൽ,ടോമി ആനിക്കാമുണ്ട, അതുല്യ പുഷ്പരാജ്, സന്തോഷ് കൂടക്കാട്ട്, അനന്ദു എബി,അനൂപ് ഗോപി എന്നിവർ നേതൃത്വം നൽകി.