പ്രധാന വാര്‍ത്തകള്‍
കെഎസ്ഇബിയിൽ വിളിച്ച് ചീത്ത പറഞ്ഞു; ഫോണിന് മറുപടി നൽകാൻ ശിക്ഷ നൽകി പോലീസ്
പിറവം: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചയാൾക്കുള്ള ശിക്ഷ ഓഫീസിൽ ഫോൺ എടുക്കാനുള്ള ചുമതല. മേമുഖം സ്വദേശി സുജിത്തിനാണ് സെക്ഷൻ ഓഫീസിൽ ഫോണിന്റെ ചുമതല നൽകിയത്. നേരത്തെ പിറവം സെക്ഷനു കീഴിലാണു മേമുഖം ഉൾപ്പെടുന്ന മണീട് പഞ്ചായത്ത് പ്രദേശം ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ഇവിടുത്തെ വൈദ്യുതി വിതരണം താറുമാറായിരുന്നു. തുടർന്നാണ് സുജിത്ത് ഓഫീസിലേക്ക് വിളിച്ചത്. ശല്യം രൂക്ഷമായതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ പൊലീസിൽ അറിയിച്ചു. ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. നിയമനടപടികൾ തുടരുന്നതിനു താൽപര്യമില്ലെന്ന് പറഞ്ഞതോടെയാണ് ഫോണിനു മറുപടി നൽകുന്ന ചുമതല പൊലീസ് ഇയാളെ ഏൽപ്പിച്ചത്.



























































































































