ശബരിമല തീർത്ഥാടകർ ആധാർ കാർഡ് കൈയ്യിൽ കരുതാൻ മറക്കരുത്; അറിയിപ്പുമായി ദേവസ്വം ബോർഡ്


ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.
അതേസമയം, ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും ലഭ്യമായി തുടങ്ങും. ദർശനം ബുക്ക് ചെയ്യുമ്പോൾ തന്നെ കെഎസ്ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആർടസിയിൽ സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനിൽനിന്ന് 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ അവിടെയത്തി തീർഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.