തൂങ്ങിമരിച്ചെന്ന് ബന്ധുക്കൾ; കൊലപാതകമെന്ന് പൊലീസ്.


തൂങ്ങിമരിച്ചെന്ന് പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. പീരുമേട്ടിൽ പള്ളിക്കുന്ന് വുഡ്‌ലാൻസ് എസ്റ്റേറ്റിൽ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ (29) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കുപിന്നിലും തലയുടെ മുകൾ ഭാഗത്ത് ഇരുവശങ്ങളിലും ശക്തമായി അടിയേറ്റതും തൊഴിയേറ്റ് ജനനേന്ദ്രിയം തകർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ കുടുംബാംഗങ്ങൾ, സഹോദരിയുടെ സുഹൃത്തുക്കൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തു. ചൊവ്വാഴ്‌ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടിലെ ശുചിമുറിയിൽ മുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായി കണ്ടുവെന്നാണ് ഡ്യൂട്ടി ഡോക്‌ടറോട് ബന്ധുക്കൾ പറഞ്ഞത്. യുവാവ് മരിച്ചുകിടന്ന വീട് പൊലീസും, ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.കോയമ്പത്തൂരിൽ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന ബിബിൻ ദീപാവലിയോടനുബന്ധിച്ചാണ് നാട്ടിലെത്തിയത്. സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തശേഷം തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മോധാവി വിഷ്ണുപ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണനുമായി കൂടിക്കാഴ്‌ച നടത്തി.