നിര്‍മാണം തടയാതെ റവന്യൂ വകുപ്പ്
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെ കെ. ചപ്പാത്തില്‍ കൈയേറ്റ നിര്‍മാണം
- പെരിയാര്‍ കൈയേറി നിര്‍മാണം നടക്കുന്നത് ആനവിലാസം വില്ലേജില്‍
- അനധികൃത നിര്‍മാണം പൊളിച്ചു നീക്കണമെന്ന് ബി.ജെ.പി.
കട്ടപ്പന: സി.എച്ച്.ആര്‍ കേസിലെ ഇടക്കാല ഉത്തരവിലൂടെ വാണിജ്യ നിര്‍മാണങ്ങള്‍ക്ക് സുപ്രീം കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയ ആനവിലാസം വില്ലേജില്‍ അനധികൃത നിര്‍മാണം തകൃതി. വില്ലേജിലെ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍പെട്ട കെ. ചപ്പാത്ത് സിറ്റിയിലാണ് രണ്ട് സ്വകാര്യ വ്യക്തികള്‍ പെരിയാര്‍ കൈയേറി വാണിജ്യ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത്.
റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയ സ്ഥലത്താണ് യാതൊരു കൂസലുമില്ലാതെ പട്ടാപ്പകല്‍ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു കെട്ടിടം തറ നിരപ്പില്‍ നിന്നും ഫില്ലര്‍ കെട്ടി രണ്ട് നിലവരെ പൊങ്ങിയിട്ടും റവന്യൂ വകുപ്പ് അധികൃതരോ സി.പി.എം. ഭരിക്കുന്ന അയ്യപ്പന്‍കോവില്‍ പഞ്ചായത്തോ നിര്‍മാണം തടയാന്‍ മിനക്കെടുന്നില്ല. അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ എത്രയും വേഗം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഏലപ്പാറ മണ്ഡലം കമ്മിറ്റി ആനവിലാസം വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന അലസമായ മറുപടിയാണ് പരാതിക്കാര്‍ക്ക് ലഭിക്കുന്നത്.
ചപ്പാത്തില്‍ നടക്കുന്ന കൈയേറ്റ നിര്‍മാണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ മംഗളം വാര്‍ത്ത പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കൈയേറ്റ നിര്‍മാണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഇപ്പോള്‍ കൈയേറ്റക്കാര്‍ ബഹുനില വാണിജ്യ കെട്ടിടം പണിതുയര്‍ത്തുന്നത്. ഇതിനിടെ സി.എച്ച്.ആര്‍ കേസില്‍ ആനവിലാസം അടക്കമുളഅള വില്ലേജുകളിലെ വാണിജ്യ നിര്‍മാണങ്ങള്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.
എന്നാല്‍ ചപ്പാത്തിലെ കൈയേറ്റക്കാര്‍ ഈ വിധി നിലനില്‍ക്കെ കെട്ടിടം പണിതുയര്‍ത്താന്‍ ഭരണകക്ഷിയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും റവന്യൂ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരും മൗനാനുവാദം നല്‍കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
ചപ്പാത്തില്‍ കൈയേറ്റ നിര്‍മാണം നടക്കുന്നുണ്ടെന്നും ഇതു തടയണമെന്നും കാട്ടി റവന്യൂ വകുപ്പ് ഉപ്പുതറ പോലീസിനു നിര്‍ദേശം നല്‍കിയെങ്കിലും പോലീസ് ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. നിര്‍മാണം തടയേണ്ട അയ്യപ്പന്‍കോവില്‍ പഞ്ചായത്തും അനധികൃത നിര്‍മാണത്തിന് കുട പിടിക്കുകയാണ്. ഭരണ കക്ഷിയിലെ അംഗങ്ങളുടെ പിന്‍ ബലത്തിലാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി നിര്‍മാണം പുരോഗമിക്കുന്നതെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്. മഴക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് തടസപ്പെടുന്ന തരത്തില്‍ നടക്കുന്ന അനധികൃത നിര്‍മാണം തടയണമെന്നും നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ബി.ജെ.പി. ഏലപ്പാറ ണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ അടക്കം ആരംഭിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ഏലപ്പാറ മണ്ഡലം കമ്മിറ്റി.