യു ഡി എഫ് സമരപ്രഖ്യാപന കൺവൻഷൻ 16 ന് ചെറുതോണിയിൽ
കാർഡമം ഹിൽ റിസർവ് ഭൂ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്നും കർഷകർക്കെതിരായ വിധി സമ്പാദിക്കുന്നതിന് കപട പരിസ്ഥിതിവാദികളെ സഹായിച്ച പിണറായി സർക്കാരിന്റെ ജനവഞ്ചനയ്ക്കും, 1964ലെ നിയമമനുസരിച്ചുള്ള ഭൂമിയിലെ കെട്ടിട നിർമ്മാണ നിരോധനം, മൂന്നാർ മേഖലയിൽ ദുരന്തനിവാരണ നിയമമനുസരിച്ചുള്ള നിർമ്മാണ നിരോധനം, റവന്യൂ ഭൂമി വ്യാപകമായി റിസർവ് വനമാക്കുന്നസർക്കാർ ഉത്തരവുകൾ, വന്യമൃഗങ്ങൾക്ക് പരിഗണനയും മനുഷ്യർക്ക് അവഗണനയും എന്നിങ്ങനെയുള്ള സർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കംകുറിച്ചുകൊണ്ട് സമര പ്രഖ്യാപന കൺവെൻഷൻ നവംബർ 16ന് ചെറുതോണി ടൗൺഹാളിൽ വച്ച് നടത്തപ്പെടുന്നതാണെന്നും കൺവെൻഷൻ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നതാണെന്നും ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു.
രാജഭരണകാല ഉത്തരവുകൾ മുതൽ പിണറായി സർക്കാരിന്റെ കാലം വരെയുള്ള രേഖകൾ പരിശോധിച്ചാൽ സി എച്ച് ആർ ഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് 2018 സെപ്റ്റംബർ 6ന് വനംവകുപ്പ് സെക്രട്ടറി അംഗീകാരം നൽകിയ 2016-17 വർഷത്തെ വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ട് കോട്ടയം ഡിവിഷനിൽ 479.258 ചതുരശ്ര കിലോമീറ്ററും മൂന്നാർ ഡിവിഷനിൽ 372.98 ചതുരശ്ര കിലോമീറ്ററും സി എച്ച് ആർ ഭൂമി വനഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാരിന്റെ ആദ്യ രേഖ പുറത്തിറങ്ങിയത്. 2024 ജൂൺ 12ന് എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ 2022ൽ റവന്യൂ വകുപ്പ് സി എച്ച് ആർ ഭൂമി വനഭൂമിയാക്കി ഉത്തരവിറക്കിയിരുന്നുവെന്നും ആയതിനാൽ വനംവകുപ്പിന്റെ രേഖയിൽ സി എച്ച് ആർ വനഭൂമിയായി തുടരുമെന്നുമാണ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ രേഖകളെല്ലാം പരിസ്ഥിതിവാദികളുടെ വക്താവും വനംവകുപ്പിന്റെ സഹായിയുമായ അമ്മിക്കസ്ക്യൂറി കെ പരമേശ്വർ മുഖേന കോടതിയിൽ സമർപ്പിച്ചപ്പോൾ സർക്കാർ അഭിഭാഷകർ അതിനെ എതിർക്കാതിരുന്നതിലാണ് വിധി കർഷകർക്കെതിരായത്. കഴിഞ്ഞ എട്ടുവർഷമായി അനാവശ്യ ഭൂവിനിയോഗ നിയന്ത്രണത്തിലൂടെ സർക്കാർ ഹൈറേഞ്ചിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ്. ഭൂവിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലയിൽ ജീപ്പ് ജാഥയും മണ്ഡലങ്ങളിൽ വിചാരണ സദസും സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിനായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികൾ നവംബർ അഞ്ചിന് ഇടുക്കി, ആറിന് പീരുമേട്ടിലും ദേവികുളത്തും ,ഏഴിന് ഉടുമ്പൻചോല, എട്ടിന് തൊടുപുഴ എന്നീ ക്രമത്തിൽ ചേരുന്നതാണെന്ന് നേതാക്കൾ അറിയിച്ചു.