കനത്ത മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
നെടുങ്കണ്ടം: കനത്ത മഴയെത്തുടര്‍ന്ന് മുണ്ടിയെരുമയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് മുണ്ടിയെരുമ മൂന്നുമുക്കില്‍ കാഞ്ഞിരത്തിങ്കല്‍ ദിവാകരന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത്. ഇതേത്തുടര്‍ന്ന് വീട് അപകടാവസ്ഥയിലായി. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നാണ് അപകടം ഉണ്ടായത്. വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് പാറത്തോട് വില്ലേജ് ഓഫീസര്‍ ടി.എ പ്രദീപിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.
വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി എന്നിവരും സ്ഥലത്തെത്തിയിരുന്നു. കൈലാസപ്പാറയില്‍ കാറ്റിലും മഴയിലും ലക്ഷ്മി മണിയന്‍ ചെട്ടിയാരുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളല്‍ വീണതിനെത്തുടര്‍ന്ന് വീട് അപകടാവസ്ഥയിലാണ്.
പട്ടത്തിമുക്ക് – ആനക്കല്ല് റോഡില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. റോഡിലൂടെ കടന്നുപോകുന്ന രണ്ട് ഇലക്ര്ടിക് ലൈനുകളിലേക്ക് ഏതുനിമിഷവും പതിക്കാവുന്ന നിലയിലാണ്. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിലെ ഈ മരങ്ങള്‍ ഉടന്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു