ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് തുടരും; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി


ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് തുടരുമെന്ന് സര്‍ക്കാര്‍. ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്‌പോട്ട് ബുക്കിങ്ങ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്‌പോട്ട് ബുക്കിങില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തേ അറിയിച്ചിരുന്നു. താന്‍ ആദ്യം മുതല്‍ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാള്‍ പോലും ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകള്‍ ഇതിനെ സുവര്‍ണാവസരമായി കാണുന്നുവെന്നും എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമര്‍ശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. നിലവില്‍ 80,000 ആണ് വെര്‍ച്വല്‍ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കില്‍ അത് തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും വഴിവെക്കും. അത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.