നീരൊഴുക്ക് ശക്തമായി; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 132 അടി പിന്നിട്ടു
കുമളി: കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതോടെ വെള്ളിയാഴ്ച്ച ജലനിരപ്പ് 132 അടി പിന്നിട്ടു. വെള്ളിയാഴ്ച്ച രാവിലെ 131.50 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ടോടെ 132 അടി പിന്നിടുകയായിരുന്നു. അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ക്രമാതീതമായി വർധിച്ചു.
സെക്കന്‍റിൽ 4294 ഘനയടി ജലമണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ തോത് 900 ഘനയടിയായി ഉയർത്തി. തേക്കടിയിൽ 47 മില്ലി മീറ്ററും പെരിയാറിൽ 85.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
വ്യാഴാഴ്ച്ച വൈകിട്ട് മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിൽ അനുഭവപ്പെടുന്നത്. അങ്ങിങ്ങായി വ്യാപക നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ച പകൽ തോരാതെ പെയ്‌ത മഴ രാത്രിയിലും തുടരുകയാണ്. ചിലയിടങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.