കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നു : തേങ്ങക്ക് പൊന്നും വില
കേരളത്തിൽ തേങ്ങയുടെ വില കുതിച്ചുയരുന്നു. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റം ഓണം കഴിഞ്ഞും തുടരുകയാണ്.
തേങ്ങയുടെ വില കൂടുന്നതിനനുസരിച്ച് കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ വർധനവുണ്ടാകുകയാണ്.
തേങ്ങയുടെ വില വർധിക്കുന്നത് നാളീകേര കർഷകരെ സംബന്ധിച്ച് ഗുണമുള്ള കാര്യമാണെങ്കിലും ഇക്കാര്യത്തിലും നേട്ടമുണ്ടാക്കുന്നത് തമിഴ്നാട് തന്നെയാണ്.
കഴിഞ്ഞ മാസങ്ങളിൽ നാളികേരത്തിന് കിലോയ്‌ക്ക് 29 മുതൽ 32 വരെ രൂപയാണ് വിലയുണ്ടണ്ടായിരുന്നത്.
ഓണവിപണിയിൽ ഇത് 34 മുതൽ 37 വരെ രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വില വീണ്ടും വർധിച്ച് 42 രൂപയായി.
രണ്ടുദിവസം കൊണ്ടാണ് വില വീണ്ടും ഉയർന്ന് 75 രൂപയിലേക്കെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിലെ വിപണികളിൽ പ്രധാനമായും നാളികേരമെത്തുന്നത്. എന്നാൽ, നാളീകേര കർഷകരിൽ നിന്നും ഇടനിലക്കാർ കുറഞ്ഞ വിലയിലാണ് തേങ്ങ സംഭരിക്കുന്നത്.
ഇത് വിപണിയിലെത്തുന്നതോടെ വില കുതിച്ചുകയറും. നാളികേര വില 75 രൂപയിലെത്തിയെങ്കിലും സംസ്ഥാനത്ത് ഉത്പാദനം പകുതിയിൽ താഴെയായതിനാൽ കർഷകർക്ക് നേട്ടമില്ല.
ഓണക്കാലത്ത് വില ഉയർന്നപ്പോൾ ഭൂരിഭാഗം കർഷകരും തേങ്ങ വിറ്റതോടെ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചത്തേങ്ങ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
2014ലാണ് സമാനമായി നാളികേരത്തിന്റെ വില ഉയർന്നിട്ടുള്ളത്.
തേങ്ങയ്‌ക്ക് വില കൂടിയതോടെ വെളിച്ചെണ്ണയ്‌ക്കും വില ഉയർന്നു.
മില്ലുകളിൽ ലിറ്ററിന് 200 രൂപയായിരുന്ന വെളിച്ചെണ്ണവില 240 വരെ എത്തി.