നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്


നടൻ മോഹൻ രാജിന്റെ സംസ്കാരം ഇന്ന്. ചെന്നൈയിൽ ഉള്ള ഭാര്യയും മകളും എത്തിയ ശേഷം വൈകിട്ടോടെയാകും സംസ്കാരം. മോഹൻ രാജിൻ്റെ സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഉച്ചയ്ക്ക് 12.30ക്ക് കഞ്ഞിരംകുളത്ത് പൊതുദർശനം. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മലയാളം, തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലായി 300 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
യഥാർത്ഥ പേരിലല്ലാതെ, കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ട അഭിനേതാവായിരുന്നു മോഹൻ രാജ്. സിബി മലയിലിന്റെ ‘കിരീട’ത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി വേഷമിട്ട മോഹൻരാജ് പിന്നീട് ആ പേരിലാണ് അറിയപ്പെട്ടത്. മുപ്പതു വർഷത്തിലേറെയായി , മൂന്നൂറിലേറെ സിനിമകളിൽ വേഷമിട്ടെങ്കിലും മലയാളികൾ എന്നും ഓർമിക്കുന്നത് കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ ആണ്.
കിരീടത്തിൽ വേഷമിടുന്നതിനു മുമ്പായി ആൺകളെ നമ്പാതെ, കഴുഗുമലൈ കള്ളൻ എന്നിങ്ങനെ രണ്ട് തമിഴ് സിനിമകളിൽ വില്ലൻ വേഷത്തിൽ വേഷമിട്ടിരുന്നു. മലയാളത്തിൽ കെ മധുവിന്റെ മൂന്നാംമുറയിൽ കൊള്ളക്കാരിലൊരാളായും പ്രത്യക്ഷപ്പെട്ടിരുന്നു മോഹൻരാജ്. ബൽറാം വേഴ്‌സസ് താരാദാസിലെ അണലി ഭാസ്‌കരൻ, ഏയ് ഓട്ടോയിലെ പൊലീസ് ഇൻപെക്ടർ, പുറപ്പാടിലെ സാമുവേൽ, കാസർകോഡ് കാദർഭായിൽ കാദർഭായിയുടെ വലംകൈ, ഹിറ്റ്‌ലറിലെ ദേവരാജൻ, വാഴുന്നോരിലെ സർക്കിൾ ഇൻസ്‌പെക്ടർ, നരനിലെ കുട്ടിച്ചിറ പാപ്പൻ, ഹൈവേ പൊലീസിലെ ഖാൻ ഭായ് തുടങ്ങി നിരവധി കഥാപാത്രങ്ങൾ മോഹൻരാജിന്റേതായുണ്ട്.
2022-ൽ റിലീസ് ചെയ്ത റോഷാക്കായിരുന്നു അവസാനചിത്രം. വിശ്വനാഥൻ എന്ന കഥാപാത്രമായിരുന്നു അതിൽ. തിരുവനന്തപുരം ഗവ. ആർട്ട് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദ്ധം നേടിയശേഷം സൈന്യത്തിലും കസ്റ്റംസിലും എൻഫോഴ്‌സ്‌മെന്റിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് മോഹൻരാജ്. ഉഷയാണ് ഭാര്യ. ജയ്ഷമ, കാവ്യ എന്നിവരാണ് മക്കൾ.