സംസ്ഥാനത്ത് എണ്ണം തികയ്ക്കാനാകാതെ ബിജെപി അംഗത്വ ക്യാമ്പയിൻ; ഊർജിതമാക്കണമെന്ന് ദേശീയ നേതൃത്വം
സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം ഊര്‍ജിതമാക്കണമെന്ന നിര്‍ദേശവുമായി ദേശീയ നേതൃത്വം. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന്‍ പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാത്തതിനെ തുടര്‍ന്നാണ് സംസ്ഥാന ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ പകുതി പോലും നേടാനായില്ല. അംഗത്വ വിതരണ നടപടികളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു യോഗങ്ങള്‍ ഇന്നലെ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ഭാരവാഹികളുടെ യോഗവും ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗവുമാണ് നടത്തിയത്. അതേസമയം മെമ്പര്‍ഷിപ്പ് വിതരണം ഡിജിറ്റലായതാണ് കാലതാമസമുണ്ടാക്കുന്നതെന്നാണ് പല ജില്ലാ കമ്മിറ്റികളും നല്‍കുന്ന വിശദീകരണം.
കൊച്ചിയില്‍ വെച്ച് നടന്ന സംസ്ഥാന തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വിലയിരുത്തല്‍ യോഗം ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, സഹപ്രഭാരി അപരാജിത സാരംഗി എംപി, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചുമതലയുള്ള ഡി പുരന്ദേശ്വരി എംപി, ദേശീയ സമിതി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ എം എന്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി സുധീര്‍, സെക്രട്ടറി പ്രകാശ് ബാബു, നേതാക്കളായ പത്മജ േേവണുഗോപാല്‍, പി സി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.