‘ശത്രുക്കൾക്ക് കൊത്തി വലിക്കാൻ പാർട്ടിയെ എറിഞ്ഞു കൊടുക്കരുത്’; പി വി അൻവറിനെതിരെ പി കെ ശ്രീമതി
പി വി അൻവർ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി കെ ശ്രീമതി. ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുതെന്നും അത് ശരിയല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.
‘ശത്രുക്കൾക്ക് പാർട്ടിയെ കൊത്തി വലിക്കാൻ എറിഞ്ഞു കൊടുക്കരുത്. പാർട്ടി അനുഭാവിയായാലും മെമ്പറായാലും ബന്ധുക്കളായാലും ആരായാലും കൊള്ളാം. ആരായാലും ശരി, അത് ശരിയല്ല. കാരണം ഈ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. തൊഴിലാളികളുടെയും അധ്വാനിക്കുന്നവരുടെയും പാർട്ടിയാണ്. അധ്വാനിക്കുന്നവരുടെ ക്ഷേമത്തിനും താല്‍പര്യത്തിനും മുന്‍തൂക്കം കൊടുത്ത് പ്രവർത്തിച്ചതുകൊണ്ടാണ് സഖാവ് അഴീക്കോടന്‍റെ പാർട്ടി ഇന്ന് കേരളത്തിന്‍റെ നമ്പർ വണ്‍ പാർട്ടിയായത്. ‘, പി കെ ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ദിവസം പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും പൊലീസിലെ ഉന്നതർക്കെതിരെയും ആരോപണം ഉന്നയിച്ച പി വി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. അൻവറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ല. അൻവർ വന്നത് കോൺഗ്രസിൽ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ശശിക്കെതിരെ പരാതിയുണ്ടായിരുന്നെങ്കിൽ അൻവർ ആദ്യം ചെയ്യേണ്ടിയിരുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി എന്ന നിലയിലല്ല കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലാണ് താൻ ഇക്കാര്യം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി പി വി അൻവറും രംഗത്തെത്തിയിരുന്നു. ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്. അത് മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം, ആരും ഒരു ചുക്കും ചെയ്യില്ലെന്നുമായിരുന്നു പി വി അൻവറിന്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് പുറമെ മുഖ്യമന്ത്രിക്കെതിരെ വാർത്താസമ്മേളനത്തിലും അദ്ദേഹം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അൻവർ പറഞ്ഞു. ശശിയുടെ പ്രവർത്തനം മാതൃകാപരമല്ലെന്നും സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അൻവർ മനോവീര്യം തകർന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും ആരോപിച്ചു. തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്.
ഇഎംഎസും മുൻപ് കോൺഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമർശനത്തിന് അക്കമിട്ടാണ് അൻവർ നിലമ്പൂരിൽ വാർത്താ സമ്മേളനത്തിൽ മറുപടി പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് എം ആർ അജിത് കുമാറിന്റെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു.