കട്ടപ്പന ഇരുപതേക്കർ പാലത്തിലൂടെയുള്ള യാത്ര: സൂക്ഷിച്ചില്ലെങ്കിൽ നടുവൊടിയും
പാലത്തിനു സമീപമുള്ള കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികളിൽ തീരുമാനമാകാത്തതിനാൽ മലയോര ഹൈവേയുടെ ഭാഗമായി ഇരുപതേക്കർ പാലം പുതുക്കിപ്പണിയാനുള്ള നടപടി ത്രിശങ്കുവിൽ.
പാലം പണിയുടെ കാര്യം അനിശ്ചിതമായി നീളുമ്പോൾ ഈ പാലത്തിലെ ടാറിങ് പൂർണമായി തകർന്ന് വലിയ കുണ്ടും കുഴിയുമായത് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ചപ്പാത്ത്-കട്ടപ്പന റീച്ചിനോട് അനുബന്ധിച്ച് ഈ പാലവും പുതുക്കി നിർമിക്കാനുള്ള നീക്കം ഫലം കണ്ടിട്ടില്ല. അതിനായുള്ള ഡിപിആറിന്റെ കാലാവധി കഴിഞ്ഞു. ഇനി കട്ടപ്പന മുതൽ പുളിയൻമല വരെയുള്ള പുതിയ റീച്ചിൽ ഈ പാലം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കട്ടപ്പനയാറിനു കുറുകെ ഇരുപതേക്കറിലുള്ള പാലം പണി അനിശ്ചിതമായി നീളുന്നതിനാൽ ഈ ഭാഗത്തെ ജോലികൾ മാത്രം പൂർത്തിയാകാതെ കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. പാലത്തിനൊപ്പം ഇരുവശങ്ങളിൽ നിന്നുള്ള കുറച്ചുദൂരവുമാണ് പണിയാതെ അവശേഷിക്കുന്നത്. പാലത്തോടു ചേർന്ന് താഴ്‌വശത്തായി വീടുവച്ച് താമസിക്കുന്ന കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടികൾ വൈകുന്നതാണ് പ്രതിസന്ധിക്കു കാരണം. ഈ കുടുംബത്തിനായി വെള്ളയാംകുടിയിൽ മൂന്നുസെന്റ് സ്ഥലം വിട്ടുനൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. അവിടെ വീട് നിർമിച്ചു നൽകാൻ കിഫ്ബിയുടെയും കരാറുകാരന്റെയും പ്രതിനിധികൾ വാക്കാൽ സന്നദ്ധത അറിയിച്ചിരുന്നെന്നാണ് നഗരസഭാ ഭരണ സമിതിയുടെ നിലപാട്. എന്നാൽ സ്ഥലം അനുവദിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. അതിനിടെ, കിഫ്ബിയുടെ ആവശ്യപ്രകാരം വീട് നിർമിച്ചു നൽകാൻ ഏഴുലക്ഷം രൂപയുടെ എസ്റ്റിമേറ്റും നഗരസഭയിൽ നിന്ന് തയാറാക്കി നൽകി. ഈ തുകയ്ക്ക് വീട് നിർമിച്ചുനൽകുന്നതിലുള്ള അഭിപ്രായം തേടിക്കൊണ്ട് കിഫ്ബിയിൽ നിന്ന് വീണ്ടും നഗരസഭയ്ക്ക് കത്ത് ലഭിച്ചു. സ്ഥലം വിട്ടുനൽകാമെന്നും വീട് നിർമിക്കാൻ ഫണ്ട് അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കി നഗരസഭയിൽ നിന്ന് മറുപടിയും നൽകി. അതിനുശേഷം തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഈ കുടുംബത്തെ മാറ്റിത്താമസിപ്പിക്കാൻ നടപടി ഉണ്ടാകാത്തതിനാൽ താൽക്കാലികമായിപ്പോലും പാലത്തിലെ ടാറിങ് നടത്താൻ അധികൃതർ തയാറാകുന്നില്ല. കുഴികൾ വലുതാകുമ്പോൾ അൽപ്പം മെറ്റൽ നിരത്തുമെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് പഴയ നിലയിലാകും. പാലം പണി വൈകുമെന്നതിനാൽ ഈ ഭാഗത്തെ കുഴികൾ അടച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.