ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും
ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ളവരാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ എത്തിയത്. ഡൽഹിയിൽ പുലർച്ചെ മുതൽ തന്നെ ഐഫോൺ 16 സ്വന്തമാക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രീ ഓർഡറിൽ ഇടിവ് നേരിട്ടിരുന്നെങ്കിലും വിപണിയിലേക്കെത്തുമ്പോൾ ആവശ്യക്കാർ കൂടുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
1,19.900 രൂപയാണ് ഐ ഫോൺ 16 പ്രൊയുടെ വില. പ്രൊ മാക്സിൻറെ വില 1,44,900 രൂപയിലുമാണ് ആരംഭിക്കുക. ഐ ഫോൺ 16 ന് 79,900ത്തിലും ഐ ഫോൺ 16 പ്ലസിന് 89,900ത്തിലുമാണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി,512 ജിബി 1 ടിബി എന്നിങ്ങനെയുള്ള സ്റ്റോറേജോട് കൂടിയാണ് ഐ ഫോൺ 16 പ്രൊ, പ്രൊ മാക്സ് എന്നിവ വിപണിയിലെത്തിയിരിക്കുന്നത്. 128 ജിബി, 256 ജിബി,512 ജിബി സ്റ്റോറേജുകളിൽ മറ്റ് രണ്ട് മോഡലുകളും ലഭിക്കും.
ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും വലുപ്പമുള്ള ഫോണാണ് ആപ്പിൾ 16 പ്രോ. 6.9 ഇഞ്ചാണ് സ്‌ക്രീൻ വരുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് എക്കാലത്തെയും മികച്ച ഐഫോൺ ബാറ്ററി ലൈഫ് ഉണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നു. ഐഫോൺ 16 ലൈനപ്പിൽ പുതിയ ക്യാമറ കൺട്രോൾ ബട്ടണും നൽകിയിട്ടുണ്ട്. ഈ വർഷാവസാനം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൻ്റെ ഭാഗമായി, ബട്ടണിന് രണ്ട്-സ്റ്റേജ് ഷട്ടർ ലഭിക്കുമെന്ന് ആപ്പിൾ പറയുന്നു.