വിജയം കുറവ്; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ നിർദ്ദേശവുമായി ഗതാഗത വകുപ്പ്


പരിഷ്കാരം കർശനമായി നടപ്പാക്കിയതോടെ ഡ്രൈവിംഗ് ടെസ്റ്റിൽ വിജയം 40 – 45% മായി കുറഞ്ഞു. നേരത്തെ 100% വിജയം ഉണ്ടായിരുന്നിടത്തും കൂട്ട തോൽവി. പുതിയതായി ലൈസൻസ് എടുക്കുന്നവരുടെയും രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നൽകുന്നവരുടെയും എണ്ണം കൂടിയ പശ്ചാത്തലത്തിൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കൂട്ടാനാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശം.ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതുക്കിയ വ്യവസ്ഥ പ്രകാരം ഒരു ആർടി ഓഫിസിൽ രണ്ട് ഓഫീസർമാരുടെ കീഴിൽ 80 ടെസ്റ്റ് എന്നത് 100 ആയി ഉയർത്തും. പരിഷ്കാരം കൊണ്ടുവരുന്നതിന് മുമ്പ് കേരളത്തിലെ 17 ആർടി ഓഫീസുകളിലും 69 ജോയിന്റ് ആർടി ഓഫീസുകളിലും 8000 പേർ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 പേരാണ് എത്തുന്നത്.
ജോയിന്റ് ആർടി ഓഫീസുകളിൽ മുൻകാല അപേക്ഷകൾ ഉൾപ്പെടെ 40 ടെസ്റ്റുകളാണ് നടത്തുന്നത്. ഇതു ഉയർത്താനും നിർദ്ദേശമുണ്ട്. പരിഷ്ക്കാരം വന്നതോടെ ലേണേഴ്സിന്റെ എണ്ണവും കുറഞ്ഞിരുന്നു. ലേണേഴ്സ് ടെസ്റ്റിന്റെ എണ്ണം വർദ്ധിപ്പിക്കാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഡ്രൈവിങ് സ്കൂളുകളിൽ കൂടുതൽ അനുഭവസമ്പത്തുള്ള ഇൻസ്ട്രക്ടർമാരെ നിയമിക്കാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായി കൂട്ട നിയമനം നടത്താനും തീരുമാനമായിട്ടുണ്ട്.