നിരീക്ഷണത്തിൽ കഴിയുന്നവർ മുതൽ വാക്സിനടുക്കാൻ എത്തി; തിരക്ക് നിയന്ത്രിക്കാനാവാതെ പൊലീസ്
മേരികുളം ∙ കോവിഡ് പ്രതിരോധ വാക്‌സീൻ സ്വീകരിക്കാനായി ആലടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനത്തിരക്ക്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആളുകൾ കൂട്ടമായി എത്തിയത്. രാവിലെ മുതൽ പിഎച്ച്‌സിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചില പഞ്ചായത്ത് അംഗങ്ങൾ നിർദേശിച്ചത് അനുസരിച്ചാണ് ജനങ്ങൾ കൂട്ടമായി പിഎച്ച്‌സിയിലേക്ക് എത്തിയതെന്നാണ് വിവരം.
അതിനാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ ഇന്നലെ പൊലീസ് ഇടപെടേണ്ട സാഹചര്യവും ഉണ്ടായി. ഇതിനിടെ ആരോഗ്യ പ്രവർത്തകരോട് ജനപ്രതിനിധികൾ കയർത്തു സംസാരിക്കുന്നതായും ആക്ഷേപമുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരെ വരെ ഈ രീതിയിൽ പിഎച്ച്‌സിയിലേക്ക് പറഞ്ഞയച്ചതായാണ് ആരോപണം. ഇന്നലെ രാവിലെ 10ന് ആരംഭിച്ച വാക്‌സിനേഷൻ 3.30 വരെ നീണ്ടു.
രാവിലെ മുതൽ കാത്തു നിന്നെങ്കിലും തിരക്കുമൂലം ടോക്കൺ ലഭിക്കാതെ ഒട്ടേറെ പേർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. തിരക്കുമൂലം ഭക്ഷണം പോലും കഴിക്കാതെയാണു ഭൂരിഭാഗം ആരോഗ്യ പ്രവർത്തകരും ജോലി തുടർന്നത്. മുൻഗണന പട്ടികയിൽപെട്ടവർക്ക് രണ്ടാം ഡോസ് ലഭിക്കാതെ കാത്തിരിക്കുമ്പോൾ 18 വയസ്സു മുതലുള്ളവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ വാക്‌സിൻ വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.