‘കർശന നിയന്ത്രണം’; ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്


ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോ ഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. സെലിബ്രിറ്റികളെ അനുഗമിച്ചുകൊണ്ടുള്ള വ്‌ളോഗർമാരുടെ വിഡിയോഗ്രഫിയും അനുവദിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വീഡിയോഗ്രഫി അനുവദിക്കും.
ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഗുരുവായൂർ ക്ഷേത്രനടയിൽ അടുത്തിടെ പരിധിവിട്ടുള്ള വീഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കലുകളും ഭക്തർക്കടക്കം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം നിലനിന്നിരുന്നു. ഇത് ഏറെ വിവാദമായി മാറിയ പശ്ചാത്തലത്തിലും കൂടിയാണ് ഹൈക്കോടതി ഇടപെടൽ.ഭക്തർക്ക് തടസമുണ്ടാകുന്ന ഒരു കാര്യവും പാടില്ല. ഇത്തരം വിഷയങ്ങളിൽ ഗുരുവായൂർ ദേവസ്വം ശക്തമായ നടപടികൾ എടുക്കണം. ആവശ്യമുണ്ടെങ്കിൽ പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.