റേഷൻ കാർഡ് മസ്റ്ററിംങ് നാളെ മുതൽ; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആർ അനിൽ
റേഷൻ കാർഡ് മസ്റ്ററിങ് നാളെ മുതൽ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. മുൻഗണന വിഭാഗത്തിൽ ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കണമെന്നും മന്ത്രി പറഞ്ഞു.
റേഷൻ കടകൾക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവർത്തി ദിനങ്ങളിലും മസ്റ്ററിംഗ് ഉണ്ടാകും. കിടപ്പ് രോഗികളുടെയും ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെയും വീട്ടിൽ വന്ന് മസ്റ്ററിങ് നടത്തും. ഒക്ടോബർ എട്ടിന് മസ്റ്ററിങ് പൂർത്തിയാക്കും.
15-ാം തീയതിക്ക് മുൻപ് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുകയാണ് ലക്ഷ്യം. അന്തിമ റിപ്പോർട്ട് ഒക്ടോബർ ഒൻപതിന് താലൂക്ക് സപ്ലൈ ഓഫിസർമാർ ജില്ലാ സപ്ലൈ ഓഫിസർക്ക് നൽകണം. മസ്റ്ററിങ് ചെയ്യേണ്ട ആകെ മഞ്ഞ കാർഡുകളിലെ അംഗങ്ങളുടെ എണ്ണം19,86,539, പിങ്ക് കാർഡുകളിലെ ആകെ അംഗങ്ങളുടെ എണ്ണം 1,34,00,584 എന്നിങ്ങനെയാണ്. മസ്റ്ററിംഗ് ചെയ്യേണ്ട മുൻഗണനാ കാർഡിലെ ആകെ അംഗങ്ങളുടെ എണ്ണം1,53,87,123, മസ്റ്ററിംഗ് നടത്തിയ ആകെ അംഗങ്ങളുടെ എണ്ണം 45,87,207 എന്നിങ്ങനെയാണ്. മസ്റ്ററിങ് നടത്തിയ മുൻഗണനാ കാർഡ് അംഗങ്ങളുടെ കണക്കുകൾ; എവൈ കാർഡ് അംഗങ്ങളുടെ എണ്ണം 7, 54,058, പിഎച്ച്എച്ച് കാർഡ് അംഗങ്ങൾ 38,33.149 എന്നിങ്ങനെയാണ്.