യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറും; ഇന്ന് ഡൽഹിയിലെ വസതിയിലും നാളെ എകെജി ഭവനിലും പൊതുദര്‍ശനം


ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വക്കുക.
നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വക്കും. വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും.
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്. സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന തുടങ്ങൂവെന്നും നേതാക്കൾ അറിയിച്ചു. ബൃന്ദ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം. പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.
മുഹമ്മദ് സലിം. എം.എ ബേബി, എ വിജയരാഘവൻ, എന്നിവരുടെ പേരുകൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.
താല്ക്കാലിക ചുമതലയാകും തൽക്കാലം നൽകുക എന്നും പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നുമാണ് നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരം.