ബാബുരാജിനും വി.എ ശ്രീകുമാർ മേനോനും എതിരെ പൊലീസിൽ പരാതി നൽകി ജൂനിയർ ആർട്ടിസ്റ്റ്


നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. നിലവിൽ കേരളത്തിന് പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും.
ചാൻസ് തരാമെന്ന് പറഞ്ഞ് വിളിച്ച് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി കഴിഞ്ഞ ദിവസം ആരോപിച്ചത്. ആലുവയിൽ ഉള്ള വീട്ടിൽ വരാൻ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയിൽ ഉള്ള വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം. റെസ്റ്റ് ചെയ്യാൻ തന്ന മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചുവെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് വെളിപ്പെടുത്തൽ. നിരവധി പെൺക്കുട്ടികൾ ബാബുരാജിൻ്റെ കെണിയിൽ വീണിട്ടുണ്ടെന്നും പലരും ഭയം മൂലമാണ് ഒന്നും പുറത്ത് പറയാത്തതെന്നും യുവതി കൂട്ടിച്ചേർത്തു. പരസ്യ ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുവെന്നും പീഡിപ്പിച്ചെന്നുമാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള യുവതിയുടെ പരാതി.
മലയാള സിനിമാ താരങ്ങൾക്കെതിരെ ഒന്നിന് പിന്നാലെ ഒന്നായി ആരോപണങ്ങൾ വരുന്നത് താരസംഘടന അമ്മയക്ക് വലിയ തലവേദനയാകുകയാണ്. ഇന്നത്തെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചെങ്കിലും എന്നു ചേരുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് ഒഴിഞ്ഞെങ്കിലും പകരം താൽക്കാലിക ചുമതല നൽകാൻ ധാരണയായ ബാബുരാജിനെതിരെയും ആരോപണം വന്നത് അമ്മയെ കുഴയ്ക്കുന്നു.